കൂടത്തായി കേസില്‍ ജോളിക്കെതിരെ മകന്റെ മൊഴി. റോയി തോമസ് വധക്കേസിന്റെ വിചാരണക്കിടെയാണ് മാറാട് പ്രത്യേക കോടതിയില്‍ ജോളി തോമസിന്റെ മകനും മൂന്നാം സാക്ഷിയുമായ റെമോ റോയി മൊഴി നല്‍കിയത്.കൂടത്തായിലെ ആറു കൊലപാതങ്ങളിലും ജോളി കുറ്റസമ്മതം നടത്തിയതായാണ് മകന്റെ മൊഴി. വിഡിയോ റിപ്പോര്‍ട്ട് കാണാം.   

 

റോയി തോമസ് വധക്കേസിന്റെ വിചാരണക്കിടെയാണ് ജോളിയുടെ മകന്റെ നിര്‍ണായക മൊഴി. കൂടത്തായിലെ ആറു കൊലപാതകത്തിലും അമ്മ  ജോളി തന്നോട് കുറ്റസമ്മതം നടത്തിയതായി മകന്‍ പറഞ്ഞു. റോയി തോമസിന്റെ മാതാവിന് ആട്ടിന്‍ സൂപ്പില്‍ വളം  കലര്‍ത്തി നല്‍കി.  ഭക്ഷണത്തിലും വെള്ളത്തിലും സയനൈഡ് കലക്കികൊടുത്താണ് മറ്റുള്ളവരെ കൊലപ്പെടുത്തിയതെന്ന് അമ്മ തന്നോട് പറഞ്ഞതായും റെമോ റോയി മൊഴി നല്‍കി. സയനൈഡ് എത്തിച്ചു നല്‍കിയത് എം.എസ് മാത്യുവാണെന്നും മാത്യുവിന് ഇത് പ്രജികുമാര്‍ ആണ് നല്‍കിയതെന്നും അമ്മ പറഞ്ഞതായും മകന്‍ പറഞ്ഞു. താനാണ് അമ്മയുടെ മൊബൈല്‍ ഫോണ്‍ പൊലിസിന് കൈമാറിയെന്നും റെമോ അറിയിച്ചു. 

 

എന്‍ഐടിയില്‍ അധ്യാപിക എന്നാണ് ജോളി മകനോട് പറഞ്ഞിരുന്നത്.എന്നാല്‍ പൊലിസ് ചോദ്യം ചെയ്തതിനു ശേഷം ഇതുതാന്‍ ചോദിച്ചപ്പോള്‍ എന്‍.ഐ.ടിക്ക് അടുത്ത് ബ്യൂട്ടിപാര്‍ലറിലും ടൈലറിങ് ഷോപ്പിലും പോയിരിക്കുകയായിരുന്നു എന്നു അമ്മ സമ്മതിച്ചിരുന്നു. റോയി തോമസിന്റെ സഹോദരന്‍ റോജോ തോമസും കോടതിയില്‍ ഹാജരായി. റോയി തോമസിന്റെ മരണകാരണത്തെപ്പറ്റി ജോളി പറഞ്ഞതിലെ വൈരുധ്യങ്ങളും ടോം തോമസിന്റെ പേരിലുള്ള വ്യാജ ഒസ്യത്തും ആറുമരണ സമയത്തും ജോളിയുടെ സംശയകരമായ സാന്നിധ്യവും സംശയമുണ്ടാക്കിയതായും ഇതിനാലാണ് അന്വേഷണം ആവശ്യപ്പെട്ട് പൊലിസിനെ സമീപിച്ചതെന്നും  റോജോ മൊഴി നല്‍കി.