തിരുവനന്തപുരം പോത്തന്‍കോട് ഉന്നത പൊലീസുകാരുടെ പേരില്‍ മാങ്ങാ വാങ്ങിയ ശേഷം പണം നല്‍കാതെ മുങ്ങിയെന്ന പരാതിയില്‍ പൊലീസുകാരനെ സംരക്ഷിച്ച് അന്വേഷണ റിപ്പോര്‍ട്ട്. ആരോപണ വിധേയനായ ഉദ്യോഗസ്ഥന്‍ മാങ്ങാ വാങ്ങിയതിന് തെളിവില്ലെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. എന്നാല്‍ ഉദ്യോഗസ്ഥനെ സ്റ്റേഷനില്‍ നിന്ന് ക്യാംപിലേക്ക് സ്ഥലംമാറ്റി. പോത്തന്‍കോട് പൊലീസ് സ്റ്റേഷനിലെ ഒരു പൊലീസുകാരന്‍, കഴക്കൂട്ടം എ.സി.പിയുടെയും പോത്തന്‍കോട് ഇന്‍സ്പെക്ടറുടെയും പേരില്‍ മാങ്ങാ വാങ്ങിയിട്ട് പണം നല്‍കാതെ മുങ്ങിയെന്നാണ് കടയുടമ പരാതി നല്‍കിയത്. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറായ ഉദ്യോഗസ്ഥനാണ് 800 രൂപയുടെ മാങ്ങാ തട്ടിപ്പ് നടത്തിയതെന്ന് കടയുടമ തിരിച്ചറിയുകയും ചെയ്തിരുന്നു.
എന്നാല്‍ നെടുമങ്ങാട് ഡിവൈ.എസ്.പി നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത് ഈ പൊലീസുകാരന്‍ തന്നെയാണ് മാങ്ങാ വാങ്ങിയതെന്ന് സ്ഥിരീകരിക്കാവുന്ന തെളിവുകളൊന്നുമില്ലെന്നാണ്. ഏപ്രില്‍ 17ന് വൈകിട്ട് 5 മണിക്ക് കാക്കി പാന്‍സും യൂണിഫോമല്ലാത്ത ഷര്‍ട്ടുമിട്ട് മാങ്ങാ വാങ്ങിയെന്നാണ് കടയുടമയുടെ മൊഴി. എന്നാല്‍ ആരോപണ വിധേയനായ ഉദ്യോഗസ്ഥന്‍ ആ ദിവസം, ആ സമയം സ്റ്റേഷനില്‍ തന്നെയുണ്ടായിരുന്നൂവെന്ന് സി.സി.ടി.വി ദൃശ്യങ്ങളിലും മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പ്രകാരവും ഉറപ്പായെന്നാണ് റിപ്പോര്‍ട്ട്. അതിനാല്‍ ആരാണ് മാങ്ങാ വാങ്ങിയ പൊലീസുകാരനെന്ന് ഉറപ്പിക്കാനാവില്ലെന്ന് കാണിച്ചാണ് റൂറല്‍ എസ്.പി ഡി.ശില്‍പയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. എസ്.പി റിപ്പോര്‍ട്ട് അംഗീകരിച്ചെങ്കിലും ആരോപണ വിധേയനായ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറെ പോത്തന്‍കോട് സ്റ്റേഷനില്‍ നിന്ന് ക്യാംപിലേക്ക് സ്ഥലംമാറ്റി. തുടര്‍ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.
Investigative report protecting the policeman on the complaint that he bought mango on behalf of top policemen without paying