maranelloor-house-attack-3

 

മകളുടെ കല്യാണത്തിന് തയാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയ വീട്ടില്‍ ഗുണ്ടാ ആക്രമണം. തിരുവനന്തപുരം മാറനല്ലൂര്‍ കണ്ടലയില്‍ റഹിമിന്റെ വീട്ടിലാണ് ഗുണ്ടകള്‍ അതിക്രമിച്ചുകയറി ജനാലച്ചില്ലുകളും വാഹനങ്ങളും വീട്ടുപകരണങ്ങളും  തകര്‍ത്തത്. നാലംഗസംഘത്തിന്റെ ആക്രമണത്തില്‍  റഹിമിനും പിടിച്ചുമാറ്റാന്‍ ശ്രമിച്ച സ്ത്രീകള്‍ക്കും പരുക്കേറ്റു.

മാറനല്ലൂര്‍ കണ്ടല സ്റ്റേഡിയത്തിന് സമീപം റഹിമിന്റെ അല്‍നൂര്‍ എന്ന വീട്ടില്‍ കുടുംബാഗങ്ങളോടൊപ്പം ഉച്ചയൂണ്കഴിക്കുന്നതിനിടെയാണ് നാലംഗഗുണ്ടാസംഘം അതിക്രമിച്ചുകയറിയത്. അക്രമികളില്‍ ഒരാള്‍ കാപ്പാ ചുമത്തി ജയില്‍ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയയാളാണ്. റഹിമിനെ വിളിച്ചിറക്കി മര്‍ദ്ദിച്ചു. ഇത് തടയാന്‍ ശ്രമിച്ച സ്ത്രീകള്‍ക്കും പരുക്കേറ്റു. തുടര്‍ന്ന് അക്രമികള്‍ വീടിന്റെ ഗേയ്റ്റും ഇരുചക്രവാഹനങ്ങളും ജനാലച്ചില്ലുകളും തകര്‍ത്തു. വീട്ടില്‍ അതിക്രമിച്ചുകയറി കസേരയും മറ്റും നശിപ്പിച്ചു. മകളുടെ വിവാഹത്തിനായി പെയിന്റിങ് ഉള്‍പ്പടെ പൂര്‍ത്തിയാക്കിയ വീടാണ് ഈ നിലയിലാക്കിയത്.

 

വീടിന് മുന്നിലെ വാഹന പാർക്കിങിനെത്തച്ചൊല്ലി അഞ്ചുമാസം മുമ്പ് റഹിമിനെ പ്രതികളിലൊരാള്‍  ആക്രമിച്ചിരുന്നു. ഇയാള്‍ക്കെതിരെ  കേസ് കൊടുത്തെങ്കിലും പിന്നീട് ഭയന്ന് പിന്മാറി. അന്ന് കേസുകൊടുത്തതിന്റെ വൈരാഗ്യമാകാം ആക്രമണത്തിന് പിന്നിലെന്നും എന്ന് റഹിമിന്റെ മകൾ. കണ്ടലമേഖലയില്‍ കഞ്ചാവ് മാഫിയ ശക്തമാണ് .ഇവരാണ് അകമം നടത്തിയത് എന്നാണ് പ്രാഥമിക വിവരം.ആക്രമണത്തിൽ തലക്ക് പരുക്കേറ്റ റഹിമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്റ്റേഡിയത്തിന്റെ പരിസരത്ത് കഞ്ചാവ് വിൽപനയും ഉപയോഗവും ഉണ്ടെന്ന് നേരത്തെ പരാതികൾ ഉണ്ട്. പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചു.അക്രമികളെ പിടികൂടിയിട്ടില്ല.

 

Gunda attack on wedding house