മലപ്പുറം എടവണ്ണയില്‍ യുവാവിനെ വെടിവച്ച് കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി മുഹമ്മദ് ഷാന് തോക്ക് വാങ്ങി നൽകിയ യു.പി. സ്വദേശി അറസ്റ്റിൽ. ഹാപ്പൂർ ജില്ലയിലെ ഖുറാന സ്വദേശി കുർഷിദ് ആലമിനെയാണ് അന്വേഷണ സംഘം ഉത്തര്‍പ്രദേശില്‍ നിന്ന് അറസ്റ്റ് ചെയ്തത്. കുർഷിദും മുഹമ്മദ് ഷാനും രണ്ടു വർഷം മുമ്പ് സൗദിയിൽ ഒന്നിച്ച് ജോലി ചെയ്തിരുന്നു. സൗദിയിലേക്ക് മദ്യം കടത്തിയതിന് 2021 ൽ ഇരുവരും 6 മാസം ജയിൽശിക്ഷയും അനുഭവിച്ചു. ശിക്ഷാ കാലാവധി കഴിഞ്ഞ് രണ്ടു പേരേയും സൗദിയിൽ നിന്നും നാടുകടത്തി. നാട്ടിലെത്തി റിതാന്‍ ബാസിലിനെ കൊല്ലാൻ പദ്ധതിയിട്ട ഷാൻ കുർഷിദുമായി ബന്ധപ്പെട്ട് താൻ നാട്ടിൽ സ്വർണത്തിന്റെ ബിസിനസ് നടത്തുന്നുണ്ടെന്നും അതിന്റെ സുരക്ഷക്കായി തോക്ക് വേണമെന്നും ആവശ്യപ്പെട്ടു.
മാർച്ചില്‍ ഹാപ്പൂരിലെത്തിയ ഷാനിന് വേണ്ടി ഒരു ലക്ഷത്തി പതിനായിരം രൂപക്ക് കുർഷീദ് പിസ്റ്റളും തിരയും, സംഘടിപ്പിച്ചു നൽകി. യൂടൂബിൽ നോക്കി തോക്കുപയോഗിക്കാന്‍ പഠിച്ച ഷാന്‍ നിർമാണം നടക്കുന്ന തന്‍റെ വീട്ടിൽ വെച്ച് തോക്കുപയോഗിക്കാൻ പരിശീലനവും നടത്തി. ഏപ്രില്‍ 28 ന് വിമാന മാർഗം ഹാപ്പൂരിലേക്ക് പോയ അന്വേഷണ സംഘം യു.പി പൊലീസിന്‍റെ സഹായത്തോടെയാണ് കുർഷിദ് ആലമിനെ അറസ്റ്റ് ചെയ്തത്. മുഹമ്മദ് ഷാന് സാമ്പത്തിക സഹായം നല്‍കിയവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഏപ്രില്‍ 22നാണ് എടവണ്ണ ചെമ്പക്കുത്തില്‍ റിതാന്‍ ബാസിലിനെ വെടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
One more arrest in Rithwan murder case