രാത്രിയിലെത്തിയ അജ്ഞാത സംഘം വാഹനങ്ങൾക്ക് രാത്രിയില്‍ തീയിട്ടെന്ന് പരാതി. പാലക്കാട് കുമരനെല്ലൂർ കാഞ്ഞിരത്താണി സ്വദേശി ഫൈസലിന്റെ വീട്ടിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളാണ് അഗ്നിക്കിരയായത്. തൃത്താല പൊലീസ് അന്വേഷണം തുടങ്ങി. കാര്‍ പൂര്‍ണമായും കത്തിനശിച്ചു. വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ബൈക്കും രണ്ട് ലോറികളും ഭാഗികമായി കത്തിയിട്ടുണ്ട്. കാറിനോട് ചേര്‍ന്നുണ്ടായിരുന്ന സൈക്കിളും കത്തിയ നിലയിലാണ്. വീടിന്റെ ജനലിലേക്ക് തീ പടര്‍ന്നതോടെയാണ് കുടുംബാംഗങ്ങള്‍ അഗ്നിബാധയെന്നറിയുന്നത്. 

 

പിന്നാലെ നാട്ടുകാരും അഗ്നിശമനസേനയും ചേര്‍ന്നാണ് തീ പൂര്‍ണമായും അണച്ചത്. പുക ശ്വസിച്ചതിനെത്തുടര്‍ന്ന് രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് അസ്വസ്ഥതയുണ്ടായി. ഇവരെ കൂറ്റനാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ച് അതിക്രമം നടത്തിയവരെക്കണ്ടെത്താനുള്ള ശ്രമത്തിലാണ് തൃത്താല പൊലീസ്. ഫൈസല്‍ നല്‍കിയ ചില സൂചനകളും പൊലീസ് പ്രത്യേകം പരിശോധിക്കും.