ബിഹാറിൽ ആരോ​ഗ്യപ്രവർത്തകയെ ബലമായി ചുംബിക്കുന്ന സീരിയൽ കിസ്സറുടെ ഞെട്ടിക്കുന്ന വിഡിയോ പുറത്ത്. ജാമുയി ജില്ലയിൽ സദർ ആശുപത്രിയിലെ ആരോ​ഗ്യപ്രവർത്തകയ്ക്കാണ് ദാരുണമായ അനുഭവമുണ്ടായത്. 

 

ആശുപത്രി പരിസരത്ത് ഫോൺ ചെയ്തുകൊണ്ടിരിക്കുകയായിരുന്ന യുവതിയെ മതിൽ ചാടികടന്ന് എത്തിയ ഇയാൾ ബലംപ്രയോ​ഗിച്ച് ചുംബിക്കുകയായിരുന്നു. യുവാവ് സംഭവസ്ഥലത്ത് നിന്ന് അപ്പോൾ തന്നെ ഓടിരക്ഷപ്പെട്ടു. യുവതിയുടെ പരാതിയിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. 

 

അയാൾ എന്തിനാണ് ആശുപത്രിയിലേക്ക് വന്നതെന്ന് അറിയില്ല. ഇതിന് മുമ്പ് അയാളെ കാണുകയോ അറിയുകയോ ഇല്ല. എന്തുചെയ്തിട്ടാണ് ഇങ്ങനെ പെരുമാറിയത്? എതിർക്കാൻ നോക്കി. ആശുപത്രിയിലെ സ്റ്റാഫിനെ വിളിച്ചു. അപ്പോഴേക്കും അയാൾ ഓടി രക്ഷപ്പെട്ടു- യുവതി പറയുന്നു. 

 

സംഭവം പുറത്തായതിന് പിന്നാലെ മറ്റ് ചില യുവതികളും പരാതിയുമായെത്തി. ഒളിഞ്ഞിരിക്കുന്ന യുവാവ് ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകളെ ബലംപ്രയോ​ഗിച്ച് ചുംബിച്ച ശേഷം ഓടിപ്പോകുകയാണ് പതിവ്. ഇതുവരെ യുവാവിനെ കണ്ടെത്താനായിട്ടില്ല. 

ആശുപത്രിയുടെ മതിലുകൾ ഉയരമില്ലാത്തതാണെന്നും മുള്ളുവേലികൾ കെട്ടി ആശുപത്രിയിലെത്തുന്ന സ്ത്രീകളെ സംരക്ഷിക്കണമെന്ന് അധികാരികളോട് അഭ്യർത്ഥിക്കുന്നുവെന്നും യുവതി പറഞ്ഞു. 

Shocking video of Serial Kisser forcibly kissing health worker