മസ്താന്‍, ഷാഹിന
മുൻ എംപിയും തമിഴ്നാട് ന്യൂനപക്ഷ കമ്മീഷൻ ചെയർമാനുമായ മസ്താന്‍റെ കൊലപാതകത്തിൽ മരുമകൾ അറസ്റ്റിൽ. കഴിഞ്ഞ ഡിസംബറിൽ നടന്ന കൊലപാതകം ആദ്യം ഹൃദയസ്തംഭനം മൂലമെന്നാണ് പ്രചരിക്കപ്പെട്ടത്. പിന്നീട് നടന്ന അന്വേഷണത്തിലാണ് ബന്ധുക്കൾ ചേർന്നുള്ള കൊലപാതകമാണെന്ന് കണ്ടെത്തിയത്.
ന്യൂനപക്ഷ കമ്മിഷൻ ചെയർമാനായ മസ്താൻ കഴിഞ്ഞ ഡിസംബർ 21 ആണ് കൊല്ലപ്പെടുന്നത്. ചെന്നൈയില്‍ നിന്നും തിരുച്ചിറപ്പള്ളിയിലേക്കുള്ള യാത്രമദ്ധ്യ ഹൃദയസ്തഭനം ഉണ്ടായെന്നും ആശുപത്രിയിൽ എത്തിക്കും മുന്നേ മരണപ്പെട്ടു എന്നുമായിരുന്നു ആദ്യം പുറത്ത് വന്ന വിവരം. അന്ന് വാഹനം ഓടിച്ചിരുന്ന ബന്ധുവായ ഇമ്രാൻ ബാഷയാണ് മസ്താനെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാൽ മസ്താന്റെ മകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടന്ന പൊലീസ് അന്വേഷണത്തിലാണ് മുൻ എംപി കൊല്ലപ്പെട്ടതാണെന്ന് തെളിയുന്നത്. ബന്ധുവായ ഇമ്രാൻ, മസ്താനിൽനിന്ന് 15 ലക്ഷം കടം വാങ്ങിയിരുന്നു ഇത് തിരികെ ആവശ്യപ്പെട്ടതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. രണ്ടുപേരുടെ സഹായത്തോടെ വാഹനത്തിനുള്ളിൽ വെച്ച് മസ്താനെ ശ്വാസം മുട്ടിച്ചു. മരണം ഉറപ്പാക്കിയ ശേഷം ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ഹൃദയസ്തംഭനം ഉണ്ടായെന്നും, കൃത്രിമമായി ശ്വാസം നല്‍കിയെന്നും ബന്ധുക്കളെ വിശ്വസിപ്പിച്ചു. അങ്ങനെയാവാം മസ്താന്‍റെ നെഞ്ചില്‍ ചതവ് ഉണ്ടായതെന്ന് ഡോക്ടർമാരും കരുതി. അന്വേഷണത്തിനൊടുവില്‍ ഇമ്രാനുള്‍പ്പെടെ അഞ്ച് പേരെ കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഗൂഢാലോചനയിൽ പങ്കുള്ള സഹോദരന്റെ മകൾ ഷാഹിന ഇന്നലെ അറസ്റ്റിലായത്.
Former MP Masthan's relative arrested for his murder