ചെങ്ങന്നൂരില്‍ എടിഎം കാര്‍ഡ് ഉപയോഗിച്ച് 6.31 ലക്ഷം രൂപ മോഷ്ടിച്ച തെങ്കാശി സ്വദേശി അറസ്റ്റിൽ . ആക്രി കടയില്‍ നിന്നും കിട്ടിയ എടിഎം കാര്‍ഡ് ഉപയോഗിച്ച് പ്രവാസിയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നുമാണ് പണം തട്ടിയെടുത്തത്.
തമിഴ്‌നാട് തെങ്കാശി വാളസെ ചിന്നസുബ്രഹ്മണ്യന്റെ മകന്‍ ബാലമുരുകന്‍ (43) ആണ് പോലീസ് പിടിയിലായത്. ചെങ്ങന്നൂര്‍ പാണ്ടനാട് സ്വദേശി ഷാജിയുടെ എസ്ബിഐ ചെങ്ങന്നൂര്‍ ബ്രാഞ്ചിലെ അക്കൗണ്ടില്‍ നിന്നാണ് 6.31 ലക്ഷം രൂപ പിന്‍വലിച്ചത്. വിദേശത്ത് ജോലി ചെയ്യുന്ന ഷാജി 2018ലാണ് എസ്ബിഐ ചെങ്ങന്നൂര്‍ ബ്രാഞ്ചില്‍ നിന്നു എടിഎം കാര്‍ഡ് എടുത്തത്. ഇതിനു ശേഷം തിരികെ വിദേശത്ത് പോയി. രണ്ട് മാസം മുമ്പ് നാട്ടിലെത്തിയ ശേഷം ബാങ്കില്‍ ചെക്ക് നല്‍കിയപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരം അറിയുന്നത്. 61 തവണയായിട്ടാണ് 6.31 ലക്ഷം രൂപ പിന്‍വലിച്ചത്. 2018ലെ പ്രളയത്തെ തുടര്‍ന്ന് ഉപയോഗശൂന്യമായ സാധനങ്ങള്‍ ആക്രി വില്‍പനക്കാര്‍ക്ക് നല്‍കിയ കൂട്ടത്തിലാണ് എടിഎം കാര്‍ഡും അറിയാതെ നഷ്ടമായത്. തിരുവല്ലയിലെ ആക്രികടയില്‍ എത്തിയ സാധനങ്ങളില്‍ നിന്നുമാണ് ബാലമുരുകന് കാര്‍ഡ് കിട്ടിയത്. ഇതില്‍ പിന്‍ നമ്പറും എഴുതിയിരുന്നു. ഇത് ഉപയോഗിച്ച് കേരളത്തിലെയും തമിഴ്‌നാട്ടിലെയും വിവിധ ബാങ്ക് എടിഎമ്മില്‍ നിന്നുമായി 2022 ഒക്ടോബര്‍ 7 നും 21നും ഇടയിലാണ് പണം പിന്‍വലിച്ചത്.
എംടിഎമ്മുകൾ കേന്ദ്രീകരിച്ച് നടത്തിയ വിപുലമായ അന്വേഷണത്തിലാണ് വിവിധ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങളില്‍ ഒരു ലോറി തന്നെ എടിഎമ്മുകളില്‍ എത്തുന്നതായി ശ്രദ്ധയില്‍ പെട്ടത്. ഇതോടെ ലോറി കണ്ടെത്തി ഡ്രൈവറായ പ്രതിയെ പിടികൂടുകയായിരുന്നു. ബാങ്ക് അക്കൗണ്ടുമായി അബുദാബിയിലെ ഫോണ്‍ നമ്പര്‍ ലിങ്ക് ചെയ്തിരുന്നുവെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് അവിടെ വച്ചിട്ട് നാട്ടിലെത്തിയതിനാല്‍ ഫോണില്‍ വന്ന സന്ദേശങ്ങള്‍ അറിയാന്‍ കഴിഞ്ഞില്ല.
തിരുനെല്‍വേലി, സേലം, തെങ്കാശി, മധുര, നാമക്കല്‍, തിരുവനന്തപുരം, പുനലൂര്‍, പത്തനാപുരം. ഇടമണ്ണ്, കറ്റാനം തുടങ്ങി ലോറി ഓടുന്ന സ്ഥലങ്ങളിലെ 61 എടിഎമ്മുകളില്‍ നിന്നാണ് പണം പിന്‍വലിച്ചത്. പ്രതിയില്‍ നിന്നും 6 ലക്ഷത്തോളം രൂപ പോലീസ് കണ്ടത്തെിയിട്ടുണ്ട്.
Exploiting money using an ATM card; arrest