elanthoor-case-shafi

 

ഇലന്തൂർ ഇരട്ട നരബലിക്കേസിലെ രണ്ടാമത്തെ കുറ്റപത്രം ശനിയാഴ്ച കോടതിയിൽ സമർപ്പിക്കും. കാലടി സ്വദേശിനി റോസിലിയെ കൊലപ്പെടുത്തിയ കേസിൽ പെരുമ്പാവൂർ കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുന്നത്. പത്തനംതിട്ട ഇലന്തൂരിൽ വച്ച് കാലടി മറ്റൂർ സ്വദേശിനി റോസിലിയെ കൊലപ്പെടുത്തിയ കേസിന്റെ കുറ്റപത്രമാണ് 21 ന് സമർപ്പിക്കുന്നത്. തമിഴ്നാട്ടുകാരി പത്മയെ കൊലപ്പെടുത്തിയ കേസിന്റെ കുറ്റപത്രം ജനുവരി 6 ന് എറണാകുളം ജെ എഫ് സി എം കോടതിയിൽ സമർപ്പിച്ചിരുന്നു. മുഹമ്മദ് ഷാഫി, ഭഗവൽ സിങ്, ലൈല എന്നിവരാണ് പ്രതികൾ. കഴിഞ്ഞ ജൂൺ 8 ന് മുഹമ്മദ് ഷാഫി റോസിലിയെ തട്ടിക്കൊണ്ടുപോയി പാരമ്പര്യ ചികിൽസകനായ ഭഗവൽ സിങ്ങിന്റെ വീട്ടിലെത്തിച്ചു. 

 

ഷാഫിയും, ഭഗവൽ സിങ്ങും, ഇയാളുടെ ഭാര്യ ലൈലയും ചേർന്ന് റോസിലിയെ നരബലി നടത്തി. തുടർന്ന് കഷണങ്ങളാക്കി കുഴിച്ച് മൂടുകയും മനുഷ്യ മാംസം പാചകം ചെയ്തു കഴിക്കുകയും ചെയ്തുവെനാണ് കേസ്. നേരിട്ടുള്ള തെളിവുകളില്ലാതിരുന്ന കേസിൽ സാഹചര്യത്തെളിവുകളും, ശാസ്ത്രീയ തെളിവുകളും അവലംബിച്ചാണ് അന്വേഷണം നടത്തിയത്. പോലീസിന്റെ പഴുതടച്ച അന്വേഷണത്തിനൊടുവിലാണ് തൊണ്ണൂറ് ദിവസത്തിന് മുൻപ് കുറ്റപത്രം സമർപ്പിക്കുന്നത്. അഡീഷണൽ എസ്.പി ടി.ബിജി ജോർജ്ജിന്റെ നേതൃത്വത്തിലുള്ള  പൊലീസ് സംഘമാണ് കേസ് അന്വേഷിച്ചത്. 

Elanthoor human sacrifice case: police to file second chargesheet on Jan. 21