എറണാകുളം കാലടി മറ്റൂരിൽ വീട്ടമ്മയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നെഞ്ചില്‍ ആഴത്തില്‍ മുറിവേറ്റ് ചോരവാര്‍ന്ന നിലയിലായിരുന്നു  മൃതദേഹം.  ഗോവണിയില്‍ നിന്ന് വീണതെന്നാണ് ഭര്‍ത്താവിന്റെ മൊഴി. മറ്റൂർ വരയിലാൻ വീട്ടീൽ ഷൈജുവിന്റെ ഭാര്യ സുനിതയാണ് മരിച്ചത്. ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെ ഷൈജുവിന്‍റെ അമ്മയാണ് ചോരയില്‍ കുളിച്ച് കിടകുന്ന നിലയില്‍ സുനിതയെ കണ്ടത്. പുറത്തുപോയി മടങ്ങിയെത്തിയതായിരുന്നു ഷൈജുവിന്‍റെ അമ്മ. സംഭവമറിഞ്ഞ് ഷൈജുവും അയല്‍വാസികളും ചേര്‍ന്ന് സുനിതയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സുനിതയുടെ നെഞ്ചില്‍ കുത്തേറ്റതിന് സമാനമായി ആഴത്തിലുള്ള മുറിവുണ്ട്. ഷൈജുവും സുനിതയും തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്നും ഷൈജുവിനെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു.

 

സംശയത്തെ തുടര്‍ന്ന് ഭര്‍ത്താവ് ഷൈജുവിനെ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് ഗോവണിയില്‍ നിന്ന് വീണതാണെന്ന് മൊഴി നല്‍കിയത്. ഇത് പൊലീസ് പൂര്‍ണമായും മുഖവിലയ്ക്കെടുത്തിട്ടില്ല. പോസ്റ്റ്മോര്‍ട്ടത്തില്‍ മരണകാരണം വ്യക്തമാകുന്നതോടെ തുടര്‍ നടപടികളിലേക്ക് നീങ്ങാനാണ് പൊലീസിന്‍റെ ശ്രമം. 

 

Kalady lady death case