മൂന്ന് ജില്ലകളിലായി ഇരുപതു കേസുകളിൽ പ്രതിയായ മോഷ്ടാവിനെ കൊല്ലത്ത് പൊലീസ് പിടികൂടി. അടൂർ കള്ളിക്കോട് സ്വദേശി തുളസീധരനാണ് കടയ്ക്കൽ പൊലീസിന്റെ പിടിയിലായത്.  വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

തിരുവനന്തപുരം കൊല്ലം, പത്തനംതിട്ട ജില്ലകളിലായിരുന്നു തുളസീധരൻ പതിവായി മോഷണം നടത്തിയിരുന്നത്. ഒന്നരമാസം മുൻപ് ജയിൽശിക്ഷ കഴിഞ്ഞിറങ്ങിയ തുളസീധരൻ നിലമേൽ ഭാഗത്തു വാടകവീട്ടിൽ താമസിക്കുകയായിരുന്നു. ഓട്ടോറിക്ഷയിൽ പകൽ സമയത്ത് വീടുകളുടെ പരിസരം നോക്കി വെക്കുകയും രാത്രിയിൽ ഓട്ടോയിൽ എത്തി മോഷണം നടത്തുന്നതാണ് രീതി.

കഴിഞ്ഞ ദിവസം കടയ്ക്കൽ പുല്ലുപണ സ്വദേശി സുധീന്ദ്രന്റെ വീട്ടിൽ നടത്തിയ മോഷണത്തിലാണ് തുളസീധരനെ പൊലീസ് പിടികൂടിയത്.  

 

പുകപുരയിൽ സൂക്ഷിച്ചിരുന്ന റബർ ഷീറ്റുകളും ചാക്കിൽ സൂക്ഷിച്ചിരുന്ന ഒട്ടുകറയും കവർന്നു. സുധീന്ദ്രൻ പരാതിയിൽ കടയ്ക്കൽ പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. എന്നാൽ തുളസീധരൻ ഇവിടെയുണ്ടായിരുന്ന സിസിടിവിയും നശിപ്പിച്ചിരുന്നു. മറ്റ് തെളിവുകൾ ശേഖരിച്ച കടയ്ക്കൽ പൊലീസ് തുളസീധരനെ ഭരണിക്കാവ് സിനിമാപറമ്പിൽ നിന്നാണ് അറസ്റ്റ്ചെയ്തത്. പ്രതിയെ സ്ഥലത്തെത്തിച്ചു തെളിവെടുപ്പ് നടത്തി. പ്രതിക്കെതിരെ ചടയമംഗലം, പാരിപ്പള്ളി, പൂയപ്പള്ളി, അടൂർ, കിളിമാനൂർ തുടങ്ങി നിരവധി പൊലീസ് സ്റ്റേഷനുകളിൽ മോഷണ കേസുകൾ നിലവിലുണ്ട്. അടൂരിൽ വീട് കുത്തിതുറന്നു മോഷണം നടത്തിയ കേസിൽ തുളസിധരനെ കോടതി രണ്ടു വർഷത്തേക്ക് ശിക്ഷിച്ചിരുന്നു . ക്ഷേത്രമോഷണ കേസിലും പ്രതിക്ക് ശിക്ഷ ലഭിച്ചിട്ടുണ്ട്.