പുലിയുടെ പിച്ചള ശില്‍പ്പം മോഷ്ടിച്ച് മുറിച്ച് വിറ്റ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. പാലക്കാട് യാക്കര സ്വദേശി അഫ്സല്‍, പിരായിരി സ്വദേശി മുഹമ്മദ് ഷമീര്‍ എന്നിവരെയാണ് ടൗണ്‍ സൗത്ത് പൊലീസ് പിടികൂടിയത്. ഇരുപത് തുണ്ടുകളാക്കി ഇരുവരും ചേര്‍ന്ന് വ്യത്യസ്ത ഇടങ്ങളില്‍ വില്‍പന നടത്തുകയായിരുന്നു. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

ദേശീയപാതയില്‍ മണലൂരിലുള്ള കരകൗശല വിപണന കേന്ദ്രത്തില്‍ നിന്നാണ് അറുപത്തി അഞ്ച് കിലോ ഭാരമുള്ള പുലിയെ അഫ്സല്‍ രാത്രിയില്‍ പൊക്കിയത്. രഹസ്യമായി സൂക്ഷിച്ച് പലപ്പോഴായി ചെറുതായി മുറിച്ചു. ഇരുപതിനോടടുത്ത് ചെറു തുണ്ടുകളാക്കി. അങ്ങനെയെങ്കില്‍ വില്‍പനയില്‍ കൂടാമെന്ന് മുഹമ്മദ് ഷമീറും ഉറപ്പിച്ചു. രണ്ടാളും കൂടി മുറിച്ചെടുത്ത പുലിയെ തുണിയിലും ചാക്കിലുമാക്കി പൊതിഞ്ഞ് വ്യത്യസ്ത ഇടങ്ങളിലെത്തിച്ച് വിറ്റു. കിട്ടിയ പണം മദ്യപാനത്തിനും യാത്രയ്ക്കും ഉപയോഗിച്ചു. കരകൗശല സ്ഥാപന നടത്തിപ്പുകാരുടെ പരാതിയില്‍ ടൗണ്‍ സൗത്ത് പൊലീസ് വിപുലമായ അന്വേഷണം തുടങ്ങി. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് അഫ്സലിന്റെ രൂപം കിട്ടി. കള്ളനെ തിരിച്ചറിഞ്ഞതിന് പിന്നാലെ പിടികൂടുകയായിരുന്നു. 

 

വില കൂടിയ പ്രാവും, അലങ്കാര പക്ഷികളും അഫ്സല്‍ പലതവണ കവര്‍ന്നിട്ടുണ്ട്. പണം വേണ്ടിവരുന്ന സമയത്തെല്ലാം സമാനമായ രീതിയിലായിരുന്നു കവര്‍ച്ചയെന്ന് പൊലീസ്. ആദ്യമായാണ് പുലിയെ മുറിച്ച് വിറ്റത്. പുലിയുടെ കഥ കഴിഞ്ഞാല്‍പ്പിന്നെ കരകൗശല കേന്ദ്രത്തിലുണ്ടായിരുന്ന സിംഹം ഉള്‍പ്പെടെയുള്ള ശില്‍പ്പങ്ങളെ നോട്ടമിട്ടിരുന്നതായും പിടിയിലായവര്‍ മൊഴി നല്‍കിയിട്ടുണ്ട്.