ബെംഗലൂരുവില്‍ നിന്ന് കേരളത്തിലെ വിവിധ ജില്ലകളിലേക്ക് ലഹരിയൊഴുകിയിരുന്നതിന്റെ കൂടുതല്‍ വഴികള്‍ തിരിച്ചറിഞ്ഞ് പൊലീസ്. ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ വനിതകളെ മറയാക്കി ലഹരികടത്ത് സംഘം വിദ്യാര്‍ഥികളെയാണ് ലക്ഷ്യമിട്ടിരുന്നത്. പാലക്കാട് നോര്‍ത്ത് പൊലീസ് പിടികൂടിയ പെരിന്തൽമണ്ണ സ്വദേശികളായ ഫായിസ്, സന്തോഷ്, എറണാകുളം സ്വദേശിനിയും സന്തോഷിന്റെ പങ്കാളിയുമായ അഭിഷാക് റോയി എന്നിവര്‍ക്കൊപ്പം മറ്റൊരു മലയാളിയാണ് കടത്തിലെ പ്രധാനിയെന്നും വ്യക്തമായി. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

ഏത് തരം ലഹരിയും ചുരുങ്ങിയ വിലയില്‍. നേരിട്ടെത്തേണ്ടതില്ല. വില്‍ക്കുന്നവര്‍ക്കും വാങ്ങുന്നവര്‍ക്കും ആശങ്ക വേണ്ട. എല്ലാ ഇടപാടും ഫോണിലാണ് ഉറപ്പിക്കുന്നത്. ഗൂഗിള്‍ മാപ്പില്‍ ഡ്രോപ്പ് ചെയ്താണ് പണം സ്വീകരിക്കുന്നതും ലഹരി കൈമാറുന്നതും. വിലയുറപ്പിച്ചാല്‍ ആദ്യ നിര്‍ദേശമെത്തും. പിന്നാലെ പണം കൈമാറാന്‍ സന്ദേശം. വീണ്ടും മുന്നോട്ട് നീങ്ങുമ്പോള്‍ ഗൂഗിള്‍ ഡ്രോപ്പ് അറിയിക്കും ലഹരി എവിടെയുണ്ടെന്ന്. സുരക്ഷിതമായി ബാഗിലോ അടിവസ്ത്രത്തിലോ ഒളിപ്പിച്ച് അതിര്‍ത്തി കടത്താം. ബെംഗലൂരുവിലെ ആളൊഴിഞ്ഞ ഇടത്തെ വീട്ടിലാണ് സന്തോഷും പങ്കാളി അഭിഷാഖ് റോയിയും താമസിച്ചിരുന്നത്. വീട്ടിലേക്ക് മറ്റുള്ളവര്‍ കടക്കാതിരിക്കാന്‍ മുന്തിയ ഇനം നായ്ക്കളെ വളര്‍ത്തി സുരക്ഷയൊരുക്കിയിരുന്നു. വരവും പോക്കുമെല്ലാം അടച്ചിട്ട വാഹനത്തില്‍ മാത്രം. അടുത്തുള്ളവരുമായി യാതൊരുവിധ അടുപ്പവും കാണിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. 

 

ദമ്പതികളെന്ന മട്ടില്‍ താമസിച്ചാല്‍ പിടിക്കപ്പെടില്ലെന്ന സാധ്യത ഇരുവരും പരമാവധി പ്രയോജനപ്പെടുത്തി ലഹരി വില്‍പ്പന നടത്തി. ലക്ഷങ്ങളുടെ ലഹരിയാണ് ഇവരുടെ നേതൃത്വത്തില്‍ കേരളത്തിലേക്ക് എത്തിയിരുന്നത്. കൂടുതലും കോളജ് വിദ്യാര്‍ഥികളാണ് കടത്തുകാരായി പ്രവര്‍ത്തിച്ചിരുന്നത്. മറ്റൊരു മലയാളി യുവാവാണ് ലഹരികടത്തിന്റെ സൂത്രധാരനായി പ്രവര്‍ത്തിച്ചത്. ഇയാളെ പിടികൂടാനുള്ള ശ്രമങ്ങള്‍ പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. ഈമാസം ഒൻപതിന് കൂടിയ അളവ് മെത്താഫിറ്റമിനുമായി നാല് യുവാക്കളെ വാഹന പരിശോധനയ്ക്കിടെ പാലക്കാട് നഗരത്തില്‍ നോർത്ത് പൊലീസ് പിടികൂടിയിരുന്നു. ഇവരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അതിർത്തിയിലൂടെ ലഹരി കടത്തുന്ന സംഘത്തിലെ പ്രധാനികളെ തിരിച്ചറിഞ്ഞത്. വെറുതെയൊരു പൊതി കൈമാറി ഇടപാട് ഉറപ്പിക്കലല്ല സംഘത്തിന്റെ രീതിയെന്നും ആധുനിക സാങ്കേതികവിദ്യ പൂര്‍ണമായും പ്രയോജനപ്പെടുത്തിയുള്ള ഇടപാടാണെന്നും പൊലീസ് വ്യക്തമാക്കി.