തൃശൂര്‍ ഇരിങ്ങാലക്കുടയില്‍ ഇന്‍സ്റ്റാഗ്രാമിലൂടെ യുവതിയുടെ നഗ്‌ന ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ച യുവാവ് പിടിയില്‍. പ്രതിയുടെ ചിത്രം പകര്‍ത്താന്‍ എത്തിയ മാധ്യമപ്രവര്‍ത്തകന്റെ ഫോണ്‍ വലിച്ചെറിഞ്ഞ പ്രതി കയ്യേറ്റത്തിനും ശ്രമിച്ചു. വിഡിയോ റിപ്പോര്‍ട്ട് കാണാം.
ഇരിങ്ങാലക്കുട സ്വദേശിനായിയിരുന്നു പരാതിക്കാരി. ഇന്‍സ്റ്റഗ്രാമിലൂടെ തിരുവനന്തപുരം സ്വദേശിയായ അല്‍ അമീനുമായി പരിചയപ്പെട്ടു. അബുദാബിയിലായിരുന്നു അല്‍അമീന്റെ ജോലി. വിവാഹ അഭ്യര്‍ഥന നടത്തി. ഓണ്‍ലൈനില്‍ സ്ഥിരമായി ചാറ്റിങ് നടത്തി. വീഡിയോ കോളിലൂടെയും സംസാരിച്ചു. ഇതിനിടെ, നഗ്നചിത്രങ്ങളും വീഡിയോകളും കൈക്കലാക്കി. പ്രതിയ്ക്കു മറ്റു സ്ത്രീകളുമായി ബന്ധമുണ്ടെന്ന് മനസിലായതോടെ യുവതി വിവാഹത്തില്‍ നിന്ന് പിന്‍മാറി. ചിത്രങ്ങളും വീഡിയോകളും നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നായി ഭീഷണി. രണ്ടു ലക്ഷം രൂപയും ആവശ്യപ്പെട്ടു. ഇതു നിരസിച്ചതോടെ വൈരാഗ്യമായി.
ഇന്‍സ്റ്റഗ്രാമിലൂടെ വ്യാജ അക്കൗണ്ട് ഉണ്ടാക്കി പരാതിക്കാരിയുടെ ചിത്രങ്ങളും വീഡിയോകളും ഷെയര്‍ ചെയ്തു. പിന്നാലെ, യുവതി ഇരിങ്ങാലക്കുട സൈബര്‍ പൊലീസിന് പരാതി നല്‍കി. പൊലീസ് കേസെടുത്തെന്ന് അറിഞ്ഞതോടെ വിദേശത്തേയ്ക്കു കടന്നു. പൊലീസ് അന്വേഷണം അവസാനിച്ചെന്ന് വിചാരിച്ച് പ്രതി വീണ്ടും നാട്ടില്‍ എത്തി. അങ്ങനെ, വര്‍ക്കലയില്‍ നിന്ന് പൊലീസ് പിടികൂടി. യുവാവിനെതിരെ ചാവക്കാട് സ്റ്റേഷനിലും വര്‍ക്കല സ്റ്റേഷനിലും സമാന സ്വഭാവമുള്ള കേസുകള്‍ നിലവിലുണ്ട്. വൈദ്യപരിശോധനയ്ക്കായി ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയില്‍ പ്രതിയെ എത്തിച്ചപ്പോള്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകന്‍ രാഹുല്‍ അശോകന്റെ മൊബൈല്‍ തട്ടപ്പറിച്ച് നിലത്തെറിഞ്ഞു. കയ്യേറ്റത്തിനും ശ്രമിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.