കശ്മീരില്‍ നിന്ന് ശേഖരിച്ച ലഹരിയുമായി പെരിന്തല്‍മണ്ണയില്‍ പുതുവല്‍സരം ആഘോഷിക്കാനുള്ള യുവാക്കളുടെ ശ്രമം ആര്‍പിഎഫ് തട‍ഞ്ഞു. ട്രെയിന്‍ മാര്‍ഗം ഹഷീഷ്, മെത്താഫിറ്റമിന്‍ ലഹരിയുമായെത്തിയ പെരിന്തല്‍മണ്ണ സ്വദേശികളായ അഖില്‍, സഞ്ജിത്ത് എന്നിവരെ ആര്‍പിഎഫും എക്സൈസും ചേര്‍ന്ന് പിടികൂടുകയായിരുന്നു. വിവിധ സംസ്ഥാനങ്ങളിലെ ടൂറിസം കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് ശേഖരിച്ച ലഹരി ബാഗിലൊളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്.  വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

രണ്ടാഴ്ച മുന്‍പാണ് ഇരുവരും നാട്ടില്‍ നിന്നും പുറപ്പെട്ടത്. കശ്മീര്‍ ഉള്‍പ്പെടെയുള്ള പ്രധാന ടൂറിസം കേന്ദ്രങ്ങളിലെത്തി. സ്ഥലം കണ്ടതിനൊപ്പം ലഹരിയും വേണ്ടുവോളം ആസ്വദിച്ചു. ഉപയോഗത്തിന് ശേഷം ബാക്കിയായത് കൈയില്‍ കരുതി. ബാഗിലെ വസ്ത്രങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച് നാട്ടിലെത്തിക്കുകയായിരുന്നു ലക്ഷ്യം. പുതുവല്‍സരദിനത്തില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ആഘോഷത്തിനുള്ള തയാറെടുപ്പും നടത്തിയിരുന്നു. ഇതിനിടയിലാണ് ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ ആര്‍പിഎഫും എക്സൈസ് സംഘവും യാത്രക്കാരെ പ്രത്യേകം പരിശോധിച്ചത്. ബാഗിലൊന്നുമില്ലെന്ന് ആവര്‍ത്തിച്ചെങ്കിലും വിശദമായ പരിശോധനയില്‍ ലഹരി പിടികൂടി. രണ്ട് ഗ്രാം മെത്താഫിറ്റമിന്‍, നാല് ഗ്രാം ഹഷീഷ്.  

 

യുവാക്കള്‍ പതിവായി ലഹരി ഉപയോഗിക്കുന്നതിനൊപ്പം കൂടിയ വിലയില്‍ സുഹൃത്തുക്കള്‍ക്ക് കൈമാറിയിരുന്നതായും മൊഴിയുണ്ട്. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണമുണ്ടാകുമെന്ന് എക്സൈസ് അറിയിച്ചു. ഒലവക്കോട് സ്റ്റേഷനിലെ മൂന്നാം നമ്പര്‍ പ്ലാറ്റ്മോഫില്‍ ആളില്ലാതെ ഉപേക്ഷിച്ചിരുന്ന രണ്ടരക്കിലോ കഞ്ചാവും സംയുക്ത പരിശോധനയില്‍ കണ്ടെടുത്തു.