സിപിഎം നേതാവിനെ വധിച്ച കേസില്‍ പതിനെട്ടുവർഷമായി ഒളിവിലായിരുന്ന പ്രതിയെ കൊല്ലം അഞ്ചൽ പൊലീസ് പിടികൂടി. പുനലൂർ വെഞ്ചേമ്പ് സ്വദേശി സമീർഖാനാണ് അറസ്റ്റിലായത്. വെഞ്ചേമ്പ് ചേന്നമംഗലത്ത് വീട്ടില്‍ സമീർഖാന്‍ അഞ്ചലിലെ സിപിഎം നേതാവായിരുന്ന എംഎ അഷറഫിനെ കൊലപ്പെടുത്തിയ കേസിലെ ഏഴാം പ്രതിയാണ്. 2002 ൽ ജാമ്യത്തിലിറങ്ങിയ സമീർഖാൻ 2004 ല്‍ തടിക്കാട് അഷറഫ് സ്മാരകം കത്തിച്ച കേസില്‍ വീണ്ടും അറസ്റ്റിലായി. സ്മാരകം കത്തിച്ച കേസില്‍ റിമാന്‍ഡിലായിരിക്കെ പ്രതിക്ക് വീണ്ടും ജാമ്യം ലഭിച്ചു. പിന്നീട് ഒളിവില്‍ പോവുകയായിരുന്നു.
പൊലീസ് വ്യാപകമായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. 2010 ൽ പുനലൂർ ജുഡീഷ്യൽ ഒന്നാംക്ളാസ് മജിസ്ട്രേറ്റ് കോടതി സമീര്‍ഖാനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. പതിനെട്ടുവര്‍ഷത്തിന് ശേഷം ഇപ്പോള്‍ വെഞ്ഞാറുംമൂട്ടില്‍ നിന്നാണ് സമീര്‍ഖാനെ പിടികൂടിയത്. വർഷങ്ങളായി വെഞ്ഞാറമ്മൂട് പുല്ലാംപാറ കലിങ്കിന്‍മുഖത്ത് ഒരു പച്ചക്കറിക്കടയിൽ ജോലി ചെയ്തുവരികയായിരുന്നു പ്രതി. ഇത്രയും നാളും ഏറെ അകലെയല്ലാതെ പൊതുയിടങ്ങളില്‍ ഉണ്ടായിരുന്ന പ്രതിയെ പൊലീസിന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. 2002 ജൂലൈ പതിനെട്ടിന് രാത്രിയാണ് സമീര്‍ഖാന്‍ ഉള്‍പ്പെട്ട സംഘം സിപിഎം പുനലൂര്‍ ഏരിയകമ്മിറ്റി അംഗമായിരുന്ന എംഎ അഷറഫിനെ കൊലപ്പെടുത്തിയത്.
CPM leader AM Ashraf murder case arrest