കേരള–തമിഴ്നാട് അതിര്‍ത്തിയായ കളിയിക്കാവിളയില്‍ സഹപാഠി നൽകിയ ശീതളപാനീയം കുടിച്ചതിനെ തുടർന്ന് വിദ്യാര്‍ഥി മരിച്ചത് കൊലപാതകമെന്ന ആരോപണവുമായി കുടുംബം. ശീതളപാനീയം നല്‍കിയാളെ കണ്ടെത്താത്തതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥിയുടെ മൃതദേഹം ഏറ്റുവാങ്ങേണ്ടെന്നും തീരുമാനം. അതേസമയം കേസിന്റെ അന്വേഷണം തമിഴ്നാട് ക്രൈം ബ്രാഞ്ച് സി.ഐ.ഡി. വിഭാഗത്തിന് കൈമാറി.

 

കേരള തമിഴ്നാട് അതിര്‍ത്തിയായ കളിയിക്കാവിളയ്ക്ക് സമീപം മുതുകുമ്മലില്‍ താമസിക്കുന്ന സുനില്‍–സോഫിയ ദമ്പതികളുടെ മകന്‍ അശ്വിനാണ് ചികിത്സയിലിരിക്കെ കഴിഞ്ഞദിവസം മരിച്ചത്. സെപ്തംബര്‍ 24ന് സ്കൂളില്‍ വച്ച്് സഹപാഠി നല്‍കിയ ശീതളപാനീയം കുടിച്ചതിനെ പിന്നാലെയാണ് ശാരീരിക അസ്വസ്ഥതയുണ്ടായതും ചികിത്സ തേടിയതും. കുട്ടി കുടിച്ചത് ആസിഡ് കലര്‍ന്ന പാനീയമെന്നും ആന്തരീകാവയവങ്ങള്‍ക്കുള്‍പ്പെടെ പൊള്ളലേറ്റിരുന്നെന്നും ചികിത്സയില്‍ കണ്ടെത്തി. അതിനാല്‍ കുട്ടിയെ കൊലപ്പെടുത്താനായി മനപ്പൂര്‍വം ആസിഡ് കലര്‍ന്ന പാനീയം നല്‍കിയതാണെന്നും പ്രതിയെ പിടിക്കാത്തത് സ്കൂള്‍ അധികൃതരുടെ ഉള്‍പ്പെടെ വീഴ്ചകൊണ്ടാണെന്നും കുടുംബം ആരോപിക്കുന്നു. അതിനാല്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ഏറ്റുവാങ്ങിയിട്ടില്ല.

 

കുടുംബത്തിന്റെ ആരോപണം പോലതന്നെ കൊലപാതക സാധ്യത കേന്ദ്രീകരിച്ചാണ് പൊലീസിന്റെയും അന്വേഷണം. രണ്ടുമാസം മുന്‍പ് പുതുച്ചേരിയുടെ ഭാഗമായ കാരയ്ക്കലില്‍ പഠനത്തില്‍ മുന്നില്‍ നില്‍ക്കുന്ന 13കാരനെ സഹപാഠിയുടെ അമ്മ ജ്യൂസില്‍ വിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയതിന് സമാനമാണോയെന്നാണ് അന്വേഷിക്കുന്നതിന്. അതിനായാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. സ്കൂളിലുള്ള വിദ്യാര്‍ഥിയാണ് പാനീയം നല്‍കിയത് എന്നതിനപ്പുറം ആളെ ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇത് ആരാണെന്ന് കണ്ടെത്തുകയാണ് അന്വേഷണത്തിന്റെ ആദ്യലക്ഷ്യം.

 

student who drank poisoned soft drink dies