കൊല്ലം പരവൂരിൽ രണ്ട് യുവാക്കളുടെ മരണത്തിനിടയാക്കിയ കാർ പൊലീസ് പിടികൂടി. കാർ ഓടിച്ചിരുന്ന യുവാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. അപകടമുണ്ടായ ശേഷം നിർത്താതെ പോയ കാർ സിസിടിവി ദൃശ്യങ്ങളിലൂടെയാണ് കണ്ടെത്തിയത്.
പരവൂര്‍ പൂതക്കുളം കോട്ടുവന്‍കോണം ക്ഷേത്രത്തിനു സമീപം കഴിഞ്ഞ തിങ്കൾ ദിവസമാണ് അപകടമുണ്ടായത്. രണ്ട് യുവാക്കളുടെ മരണത്തിനിടയാക്കിയ കാര്‍ സിസിടിവി ദൃശ്യങ്ങളിലൂടെ പൊലീസ് കണ്ടെത്തുകയായിരുന്നു. കൂനംകുളം മേലതില്‍ വീട്ടില്‍ മോഹനന്റെ ഉടമസ്ഥതയിലുള്ള കാറാണ് പൊലീസ് പിടിച്ചെടുത്തത്. വാഹനം ഓടിച്ചിരുന്ന മോഹനന്റെ മകന്‍ ആശിക്കിനെയും പൊലീസ് അറസ്റ്റ് ചെയ്തു.
അപകടശേഷം നിര്‍ത്താതെ പോയ കാറിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചിരുന്നു. സമീപത്തെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും അപകടം ഉണ്ടാക്കിയത് ചുവപ്പ് കാറാണെന്ന് പൊലീസിന് വ്യക്തമായി. തുടര്‍ന്ന് നടന്ന അന്വേഷണത്തിനിടെ പൊലീസിനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വാഹനം കണ്ടെത്തിയത്. കാര്‍ കണ്ടെത്തുന്നതിനായി പാരിപ്പള്ളി മുതല്‍ വര്‍ക്കല അയിരൂര്‍ വരെയുള്ള ഏകദേശം എഴുപത് സിസിടിവി ക്യാമറകളാണ് പൊലീസ് രണ്ട് ദിവസം പരിശോധിച്ചത്. കാറിന്റെ ഒരു ഹെഡ് ലൈറ്റ് പ്രവര്‍ത്തനരഹിതമായിരുന്നു. ഇതാണ് പൊലീസിന് തുമ്പായത്.
കസ്റ്റഡിയിലെടുത്ത വാഹനം ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കി. പാരിപ്പള്ളി എഴിപ്പുറം ലക്ഷംവീട് കോളനിയിൽ സജാദ് , പൂതകുളം കോട്ടുവൻകോണം സുശീല ഭവനിൽ ഷിബു എന്നിവരാണ് അപകടത്തിൽ മരിച്ചത്.
Kollam paravoor accident case; One Arrested