ദസറ ആഘോഷത്തിന്റെ മറവില്‍ ദേശീയ സ്മാരകമായ ഇതര സമുദായത്തിന്റെ ആരാധനാലയത്തില്‍ അതിക്രമിച്ചു കയറി പൂജ നടത്തിയ സംഭവത്തില്‍ നാലുപേര്‍ പിടിയില്‍. കര്‍ണാടക ബിദറിലെ മഹ്മൂദ് ഗവാന്‍ പള്ളിയില്‍ അതിക്രമിച്ചു കയറിയ ജനക്കൂട്ടത്തിലെ നാലുപേരെയാണു പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച അര്‍ദ്ധരാത്രിയാണു ദസറ ഘോഷയാത്ര സംഘം പള്ളി കവാടത്തിന്റെ പൂട്ടുതകര്‍ത്ത് അകത്തു കയറിയത്. 

 

എഡി. 1460 ല്‍ നിര്‍മിച്ചതാണു ബിദറിലെ മഹ്മൂദ് മദ്രസയും അതിനോടു ചേര്‍ന്നള്ള പള്ളിയും. ഇന്തോ–പേര്‍ഷ്യന്‍ വാസ്തുവിദ്യയുടെ വിസ്മയമെന്ന നിലയില്‍ ഏറെ പ്രാധാന്യമുള്ളതാണീ നിര്‍മിതികള്‍. കേന്ദ്ര പുരാവസ്തു വകുപ്പ് ഏറ്റെടുത്തു സംരക്ഷിക്കുന്ന ദേശീയ പ്രാധാന്യമുള്ള സ്മാരകങ്ങളില്‍ ഒന്നുകൂടിയാണിത്. ബദറില്‍ ബുധനാഴ്ച നടന്ന ദസറ ആഘോഷത്തില്‍ ഒരുകൂട്ടം ആളുകളാണു പുരാവസ്തു സ്മാകര വളപ്പിലേക്ക് ഇരച്ചുകയറിയത്. പള്ളി കവാടത്തിന്റെ പൂട്ടുതകര്‍ത്തശേഷം അകത്തുകയറിയ അക്രമിക്കൂട്ടം കെട്ടിടത്തിന്റെ പല ഭാഗങ്ങളിലും കുങ്കുമം പൂശി. പൂജയും നടത്തി

 

വിവരമറിഞ്ഞു മുസ്്ലിം സംഘടനകള്‍ കഴിഞ്ഞ ദിവസം പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചിരുന്നു. നിരവധി പേര്‍ പരാതിയും നല്‍കി. സംഭവം ദേശീയ തലത്തില്‍ ചര്‍ച്ചയായതിനു പിറകെയാണു നാലുപേരെ അറസ്റ്റ് ചെയ്തത്. ഏഴംഗ സംഘമാണ് അതിക്രമിച്ചു കയറിയതെന്നും ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍ തുടരുന്നതായും ബദര്‍ പൊലീസ് അറിയിച്ചു. ചരിത്രപ്രാധാന്യമുള്ള സ്മാരകത്തില്‍ അതിക്രമിച്ചു കയറി നാശനഷ്ടമുണ്ടാക്കിയതിനാണ് അറസ്റ്റിലായവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. 

 

Mob enters mosque grounds in Karnataka's Bidar to perform puja on Dussehra, 9 booked