palakkad-honey-trap-2

 

സമൂഹ മാധ്യമ അക്കൗണ്ടിലൂടെ നിരവധി ആരാധകരെ സൃഷ്ടിച്ച ദമ്പതികൾ ഉൾപ്പെടെ ആറുപേർ ഹണി ട്രാപ്പില്‍ അറസ്റ്റിൽ. കണ്ണൂര്‍ സ്വദേശി ഗോകുല്‍ ദീപ്, ഭാര്യ ദേവു, ഇരിങ്ങാലക്കുടക്കാരായ ജിഷ്ണു, അജിത്, വിനയ്, പാല സ്വദേശി ശരത് എന്നിവരെയാണ് പാലക്കാട് സൗത്ത് പൊലീസ് പിടികൂടിയത്. ഇരിങ്ങാലക്കുടയിലെ വ്യവസായിയെ യാക്കരയിലെ വാടക വീട്ടിലെത്തിച്ച് ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടിയെടുക്കാൻ ശ്രമിച്ചെന്ന കേസിലാണ് നടപടി. 

 

ദേവുവും ഗോകുല്‍ ദീപും ചേർന്ന് നിരവധി ആരാധകരെ വരുതിയിലാക്കിയിരുന്ന വീഡിയോ. വ്യത്യസ്ത ഭാവങ്ങളിലും വേഷത്തിലും ഇടവേളകളില്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ചിരുന്ന ദൃശ്യങ്ങളുടെ വിശ്വാസ്യതയിലായിരുന്നു ഇവരുടെ തട്ടിപ്പ്. സമ്പന്നരെ കുടുക്കാൻ ഹണി ട്രാപ്പ് സംഘത്തിന് ഊര്‍ജം നല്‍കിയതും ഇരുവരുടെയും പ്രകടനമാണ്. ഇരിങ്ങാലക്കുടയിലെ വ്യവസായിയെ സംഘം ആറ് മാസം നിരീക്ഷിച്ച് പിന്തുടർന്നു. ചൂണ്ടയിൽ കുരുങ്ങാൻ സാധ്യതയുള്ള ആളെന്ന് ഉറപ്പിച്ചതിന് പിന്നാലെ തേൻ കെണിയൊരുക്കി. ഫോൺ വഴിയുള്ള സംസാരത്തിനും സന്ദേശത്തിനുമൊടുവില്‍ പരസ്പരം നേരിൽക്കണ്ടേ മതിയാകൂ എന്ന നിലയിലേക്ക് എത്തിച്ചു. അങ്ങനെയാണ് ദേവുവിന്റെ നിര്‍ദേശപ്രകാരം വ്യവസായിയോട് പാലക്കാട് റെയിൽവേ സ്‌റ്റേഷനിൽ എത്താന്‍ ആവശ്യപ്പെട്ടത്. ഉച്ചയ്ക്ക് എത്തിയ വ്യവസായിയെ പല തടസങ്ങള്‍ പറഞ്ഞ് രാത്രി വരെ നഗരത്തില്‍ നിര്‍ത്തി. പിന്നീട് ദേവു തന്ത്രപൂർവം വാഹനത്തിൽ യാക്കരയിലെ വീട്ടിലെത്തിച്ചു. 

 

ഇരുട്ടിൽ മറഞ്ഞിരുന്ന സംഘത്തിലെ മറ്റ് അഞ്ചു പേരും ചേർന്ന് വാടക വീട്ടിലെ മുറിയിലെത്തിച്ച് ഭീഷണിപ്പെടുത്തി നഗ്ന ചിത്രങ്ങൾ എടുത്തു. തുടർന്ന് ഇരിങ്ങാലക്കുടയിലെ വീട്ടിൽ നിന്ന് പണവും സ്വർണവും കൈക്കലാക്കാനായി വ്യവസായിയെ കൊണ്ട് സംഘം പുറപ്പെട്ടു. വഴിയിൽ പ്രാഥമികാവശ്യത്തിന് എന്ന മട്ടിൽ ഇറങ്ങിയ വ്യവസായി ഓടി രക്ഷപ്പെട്ട് അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു. വിപുലമായ അന്വേഷണം തുടങ്ങിയ സൗത്ത് പൊലീസ് സംഘം ആറുപേരെയും കാലടിയിലെ ഒളിത്താവളത്തിലെത്തി പിടികൂടുകയായിരുന്നു. ദമ്പതികള്‍ക്ക് പുറമെ പാല സ്വദേശി ശരത് എന്ന സിദ്ധു, ഇരിങ്ങാലക്കുട സ്വദേശികളായ ജിഷ്ണു, അജിത്, വിനയ് എന്നിവരാണ് അറസ്റ്റിലായത്. 

 

ശരത്താണ് ഹണി ട്രാപ്പിന്റെ ബുദ്ധി കേന്ദ്രമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. പ്രതികളിൽ ഒരാൾ പ്രളയകാലത്ത് വ്യവസായിയുടെ വീടിന് മുകളിൽ താമസിച്ചിരുന്നു. ഈ സമയത്താണ് വ്യവസായിയുടെ നീക്കം നിരീക്ഷിച്ച് കുരുങ്ങുന്നയാളാണെന്ന് ഉറപ്പാക്കിയത്. ഇരയെ സുരക്ഷിത ഇടത്തേക്ക് എത്തിച്ചാല്‍ നാല്‍പതിനായിരം രൂപയുടെ കമ്മിഷന്‍ കിട്ടുമെന്നതാണ് ദമ്പതികളുടെ മൊഴി. വ്യവസായിയുടെ കൈയ്യില്‍ നിന്ന് തട്ടിയ സ്വര്‍ണമാലയും, പണവും എ.ടി.എം കാര്‍ഡും വാഹനവുമെല്ലാം പൊലീസ് കണ്ടെടുത്തിട്ടുണ്ട്. സംഘം നേരത്തെയും സമാന രീതിയില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.