malappuram-govt-college

TAGS

മലപ്പുറം ഗവ. കോളജിൽ നിന്ന്  ലക്ഷങ്ങള്‍ വിലമതിക്കുന്ന ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ മോഷണം പോയി. മൂന്നു ഡിപ്പാര്‍ട്ടുമെന്‍റുകളില്‍നിന്നായി 11 ബാറ്ററികളും രണ്ടു പ്രോജക്ടറുകളുമാണ് മോഷണം പോയത്. സംഭവത്തിൽ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി വിക്ടർ ജോൺസൺ, ഭാരവാഹികളായ നിരഞ്ജൻ , അഭിഷേക്, കെഎസ്‌യു യൂണിറ്റ് പ്രസിഡന്റ് ആതിഫ് തുടങ്ങി ഏഴു പേരാണ് അറസ്റ്റിലായത്. പ്രിൻസിപ്പൽ നല്‍കിയ പരാതിയിലാണ് നടപടി. 

 

ഇസ്ലാമിക് ഹിസ്റ്ററി, ഉറുദു, കെമിസ്ട്രി ഡിപ്പാര്‍ട്ടുമെന്‍റുകളിലാണ് മോഷണം നടന്നത്. 11 ബാറ്ററികളില്‍ ആറെണ്ണം നിലവില്‍ പ്രവര്‍ത്തിക്കുന്നവയാണ്. അഞ്ചെണ്ണം ഉപയോഗശൂന്യമായവയാണ്. പ്രൊജക്ടറുകളില്‍ ഒന്ന് കെമിസ്ട്രി ഡിപ്പാര്‍ട്ട്മെന്‍റിലേതാണ്. തിങ്കളാഴ്ചയാണ് മോഷണം കോളേജ് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുന്നത്. ഉടന്‍ തന്നെ മലപ്പുറം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് കോളജിലെത്തി പരിശോധന പൂർത്തിയാക്കി. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി. സംഭവത്തെ തുടർന്ന് യൂണിറ്റ് സെക്രട്ടറി അടക്കം നാല് എസ്എഫ്ഐക്കാരെ സംഘടനയിൽ നിന്ന് ജില്ല കമ്മിറ്റി സസ്പെൻഡ് ചെയ്തു.