rifa-deathN

TAGS

കോഴിക്കോട് കാക്കൂരിലെ വോഗ്ലര്‍ റിഫയുടെ  ആത്മഹത്യക്കേസില്‍ ഭര്‍ത്താവ് മെഹ്നാസിന്‍റെ മുന്‍കൂര്‍  ജാമ്യാപേക്ഷയില്‍ ഹൈക്കോടതി അടുത്ത  വ്യാഴാഴ്ച വിധി പറയും. ആത്മഹത്യാപ്രേണക്കുറ്റം ചുമത്തിയെങ്കിലും മെഹ്നാസിലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നില്ല. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും റിഫയുടെ മരണം ആത്മഹത്യയാണെന്ന് കണ്ടെത്തിയതോടെ പൊലീസ് ദുരൂഹമരണത്തിലെ അന്വേഷണവും അവസാനിപ്പിച്ചു.

 

മാര്‍ച്ച് ഒന്നിനാണ് റിഫ മെഹ്നുവിനെ  ദുബായിലെ വാടക വീട്ടില്‍  മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടക്കം മുതല്‍ മെഹ്നുവിന്‍റെ മരണത്തില്‍ ദുരൂഹത വീട്ടുകാര്‍ ആരോപിച്ചിരുന്നു. ഭര്‍ത്താവ് മെഹ്നാസിനൊപ്പമാണ് റിഫ ദുബായിയില്‍ കഴിഞ്ഞിരുന്നത്. ഇതിനിടയിലാണ് മരണം. മെഹ്നാസും ഒപ്പമുണ്ടായിരുന്ന ജംഷാദുമാണ് റിഫ തൂങ്ങി മരിച്ചുവെന്ന്  പൊലീസിനേയും ബന്ധുക്കളേയും അറിയിച്ചത്. ജംഷംദാനിനേയും പൊലീസ് വിശദമായി ചോദ്യം ചെയ്തു. സംഭവദിവസം റിഫ ഷോപ്പില്‍ നിന്ന് വൈകിയെത്തിയെന്നും അതെചൊല്ലി ഇരുവരും വഴക്കുണ്ടായെന്നും മെഹ്നാസ് റിഫയെ അടിച്ചുവെന്നും ജംഷാദ് മൊഴി നല്‍കിയിട്ടുണ്ട് .

 

റിഫ മുറിയില്‍ എത്തിയ ശേഷമാണ് മെഹ്നാസും ജംഷാദും ഭക്ഷണം കഴിക്കാന്‍ പുറത്തേക്ക് പോയത്. ഭക്ഷണം കഴിച്ച ശേഷം പതിവുപോലെ സിഗരറ്റ് വലിക്കാന്‍ നില്‍ക്കാതെ മെഹ്നാസ് വിീട്ടിലേക്ക് പോയെന്നും ജംഷാദ് മൊഴി നല്‍കി. അല്‍പ സമയം കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ മുറിയിലെ ഫാനില്‍ തൂങ്ങി നില്‍ക്കുന്ന റിഫയുടെ കാലില്‍ പിടിച്ച്  കരയുന്ന മെഹ്നാസിനെയാണ് കണ്ടതെന്നും ജംഷാദ് മൊഴി നല്‍കിയിട്ടുണ്ട് . ഉടന്‍ പൊലീസിനെ വിവരമറിയിച്ച് മൃതദേഹം പുറത്തിറക്കിയെന്നും ഇവര്‍ പറയുന്നു. ജംഷാദിന്‍റെ മൊഴിയുടെ അടിസ്ഥാനത്തില്‍ മെഹ്നാസില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിയാനുള്ള ശ്രമത്തിലായിരുന്നു പൊലീസ്. ഇതിനിടയിലാണ് മെഹ്നാസ് മുന്‍കൂര‍് ജാമ്യത്തിനായി ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയത്. കാസര്‍കോടെ വീട്ടില് ‍ഉണ്ടായിട്ടും പൊലീസ് ആദ്യദിവസങ്ങളിൽ മെഹ്നാസിനെ പിടിക്കാന്‍ കാര്യമായി ശ്രമിച്ചില്ലെന്നും ആക്ഷേപമുണ്ട്. മകളുടെ മരണത്തിൽ ‍കുടുംബം ദുരൂഹത ആരോപിച്ചതോടെയാണ് റിഫയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ പൊലീസ് തീരുമാനിച്ചത്. 

 

പോസ്റ്റുമോര്‍ട്ടത്തില്‍ റിഫയുടെ മൃതദേഹം ദുബായില്‍ നിന്ന് പോസ്റ്റുമോര്‍ട്ടം ചെയ്തിരുന്നില്ലെന്ന് വ്യക്തമായതോടെ ദുരൂഹത ഏറി. എങ്കിലും റിഫയുടേത് തൂങ്ങിമരണമെന്ന് വ്യക്തമാക്കി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെ കൊലപാതകമെന്ന് സംശയം നീങ്ങി. ഇതിനിടെ ആത്മഹത്യപ്രേരണക്കുറ്റം ചുമത്തി മെഹ്നാസിനെതിരെ പൊലീസ് കേസെടുത്തിരുന്നു. വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്. ഇത് സംബന്ധിച്ച് വ്യക്തമായ തെളിവുകള്‍ ശേഖരിക്കാനും പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ജംഷാദിനെതിരേയും കേസെടുക്കണെന്ന് വീട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു. റിഫയ്ക്ക് ജംഷാദില്‍ നിന്ന് മോശം അനുഭവം ഉണ്ടായി എന്ന റിഫയുടെ ഒാഡിയോയുടെ അടിസ്ഥാനത്തില്‍ പൊലീസ്  അന്വേഷണം നടത്തിയെങ്കിലും ജംഷാദിനെ ബന്ധിപ്പിക്കാവുന്ന തെളിവുകള്‍ ഒന്നും ലഭിച്ചിട്ടില്ല. 

 

മെഹ്നാസിനെ കസ്റ്റഡിയില്‍ എടുത്ത്  ചോദ്യം ചെയ്തെങ്കില‍് മാത്രമേ വിശദമായി വിവരങ്ങള്‍ പുറത്തുവരൂ എന്നാണ് പൊലീസ് നിഗമനം. മെഹ്നാസിന്‍റെ മുൻകൂർ ജാമ്യം  ഹൈക്കോടതി പരിഗണിച്ചപ്പോള്‍ നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. അടുത്തവ്യാഴാഴ്ച മെഹ്നാസിന്‍റെ മുന്‍കൂർ ജാമ്യത്തില്‍ കോടതി വിധി പറയും. അതുവരെ അറസ്റ്റ് നടപടികളിലേക്ക് പൊലീസ് കടക്കില്ല. റിഫയുടെ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ മെഹ്നാസിന്‍റെ കൈവശമാണ്. ഇത് കസ്റ്റഡിയിലെടുത്ത് പരിശോധിച്ചാൽ മാത്രമേ കൃത്യമായി വിവരങ്ങള്‍ ലഭിക്കുകകയുള്ളൂ എന്നാണ് പൊലീസ് കരുതുന്നത്.. റിഫയെ മർദിച്ചു എന്നതിന് കാര്യമായ തെളിവുകള്‍ ഇല്ലാത്ത സാഹചര്യത്തിൽ ശാസ്ത്രീത തെളിവുകള്‍ കണ്ടെത്തുക പൊലീസിന് വെല്ലുവിളിയാണ്.  റിഫയുടെ കുഞ്ഞ് ഇപ്പോഴും റിഫയുടെ വീട്ടുകാരുടെ കൂടെയാണ്. കു‍ഞ്ഞിനെ വിട്ടുകിട്ടാനും മെഹ്നാസ് കോടതിയെ സമീപിക്കാനാണ് തീരുമാനം. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയാല്‍ അറസ്റ്റ് നടപടികളിലേക്ക് കടക്കാമെന്നാണ് പൊലീസ് തീരുമാനം. അല്ലെങ്കില്‍ ചോദ്യം ചെയ്ത് വിവരങ്ങള്‍ ശേഖരിച്ച് കുറ്റപത്രം തയാറാക്കാനാണ് പൊലീസ് നീക്കം