പാലക്കാട് ചൂലന്നൂരില്‍ ഒരു കുടുംബത്തിലെ നാലുപേരെ യുവാവ് വെട്ടിപ്പരുക്കേല്‍പ്പിച്ചു. കിഴക്കുമുറി കൊഴുക്കുള്ളിപ്പടി വീട്ടില്‍ മണി, ഭാര്യ സുശീല, മക്കളായ രേഷ്മ, ഇന്ദ്രജിത്ത് എന്നിവരാണ് സാരമായി പരുക്കേറ്റ് തൃശൂരില്‍ ചികില്‍സയിലുള്ളത്. വെട്ടിപ്പരുക്കേല്‍പ്പിച്ചതായി കരുതുന്ന ഇവരുടെ ബന്ധുവായ യുവാവിനായി പൊലീസ് അന്വേഷണം തുടങ്ങി. കുടുംബ പ്രശ്നങ്ങളാണ് കൊലപാതക ശ്രമത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. 

 

പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു ആക്രമണം. ബൈക്കിലെത്തിയ യുവാവ് വീടിന്റെ അടുക്കള ഭാഗത്ത് പെട്രോളൊഴിച്ച് തീയിട്ടു. തീകണ്ട് ഭയന്ന നാലുപേരും ഓടി വീടിന് പുറത്തിറങ്ങിയ സമയത്തായിരുന്നു ആക്രമണം. മടവാള്‍ കൊണ്ടുള്ള ആക്രമണത്തില്‍ നാലുപേര്‍ക്കും സാരമായി പരുക്കേറ്റു. നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയത്. ഇന്ദ്രജിത്തിന്റെ വിരലുകള്‍ വെട്ടേറ്റ് ദൂരേക്ക് തെറിച്ച നിലയിലായിരുന്നു. ആക്രമണത്തിന് ശേഷം ബൈക്കും ബാഗും വസ്ത്രങ്ങളും വീടിന് സമീപം ഉപേക്ഷിച്ച് രക്ഷപ്പെട്ട കുനിശ്ശേരി സ്വദേശിയായ യുവാവിനായി അന്വേഷണം ഊര്‍ജിതമാക്കി. യുവാവ് സുശീലയുടെ അടുത്ത ബന്ധുവാണ്. 

 

യുവാവ് കുപ്പിയില്‍ കരുതിയിരുന്ന പെട്രോള്‍ വീടിന്റെ അടുക്കള ഭാഗത്ത് കണ്ടെത്തി. മാരക ശേഷിയുള്ള പടക്കവും വീടിനോട് ചേര്‍ന്നുണ്ടായിരുന്നു. ഇരുചക്രവാഹനത്തില്‍ മദ്യവും ഗ്ലാസും സൂക്ഷിച്ചിരുന്നു. സ്ഥലത്തെത്തിയ നായ സമീപത്തെ വനമേഖലയായ മയില്‍സങ്കേതത്തിന്റെ വിവിധ വഴികളിലൂടെ ഓടി. ആലത്തൂര്‍ ഡിവൈഎസ്പി കെ.എം.ദേവസ്യയുടെ നേതൃത്വത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ചുള്ള അന്വേഷണമാണ് പുരോഗമിക്കുന്നത്.