മലപ്പുറം പുത്തനത്താണി ചന്ദനക്കാവ് ക്ഷേത്രത്തിന് സമീപത്തെ വീട്ടിൽ നിന്നും 35 പവൻ സ്വർണ്ണാഭരണവും അൻപതിനായിരം രൂപയും കവർന്നു. കുടുംബം ബന്ധു വീട്ടിലേക്ക് പോയ സമയത്തായിരുന്നു കവർച്ച. കാഞ്ഞീരി മിനിയുടെ വീട്ടിൽ നിന്നാണ് 35 പവൺ സ്വർണ്ണാഭരണവും പണവും കവർന്നത്. ഉണ്ണികൃഷ്ണന്റെ ഭാര്യ മിനിയും മക്കളും തറവാട്ട് വീട്ടിലേക്ക് പോയ സമയത്തായിരുന്നു മോഷണം.  രാവിലെ  ആറിന്  മിനി വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. തുടർന്ന് കൽപകഞ്ചേരി പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. വീടിന്റെ അടുക്കള ഭാഗത്തെ ഗ്രില്ലിന്റെ പൂട്ട് തകർത്ത മോഷ്ടാവ് താഴെത്തെ നിലയിലെ മുഴുവൻ ഡോറുകളും തകർത്താണ് മോഷണം നടത്തിയത്. മകളുടെ വിവാഹത്തിനായി അലമാരയിൽ സൂക്ഷിച്ച 35 പവൻ സ്വർണ്ണാഭരണവും അര ലക്ഷം രൂപയുമാണ് നഷ്ട്ടപെട്ടത്. കൂടാതെ വിഷുവിന് കണികാണാനായി ഓട്ടുരുളിയിൽ വച്ച മോതിരവും കവർന്നു.  

 

കിടപ്പ് മുറികളിലെ അലമാരയിലെ വസ്ത്രങ്ങളും മറ്റു സാധന സാമഗ്രികളും വലിച്ച് വാരിയിട്ട നിലയിലാണ്. മലപ്പുറത്ത് നിന്നെത്തിയ ഡോഗ് സ്ക്വാഡിലെ ചാർളി എന്ന നായ മണം പിടിച്ച് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലൂടെ മുന്നോട്ടു പോയി. പിന്നീട്  ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന വീടിന് സമീപം നിന്നു. ഈ വഴിയാണ് മോഷ്ടാവ് വന്നത് എന്നാണ് സൂചന.  മോഷ്ടാവ് ഉപയോഗിച്ച മഴുവിൽ നിന്നും മണം പിടിച്ച നായ ക്ഷേത്രവളപ്പിലൂടെ തിരുന്നാവായ റോഡിലെ ചന്ദനക്കാവ് അങ്ങാടിയിലെ കടവരാന്തവരെ ഓടി നിന്നു. ഇതു വഴിയാണ് മോഷണം നടത്തി പ്രതി രക്ഷപ്പെട്ടതെന്നാണ് സൂചന.