കാഞ്ഞിരപ്പള്ളി: സ്വത്തിനെച്ചൊല്ലി സഹോദരങ്ങൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് അനുജനും മാതൃസഹോദരനും വെടിയേറ്റു കൊല്ലപ്പെട്ടത് ചർച്ച നടത്തുന്നതിനിടെ.
തൊട്ടടുത്തുനിന്നു വെടിയുതിർത്തതുപോലെയാണു രഞ്ജുവിന്റെ ശരീരത്തിലെ മുറിവുകളെന്നു പൊലീസ് പറയുന്നു. വെടിയൊച്ച കേട്ട് ആദ്യം ഓടിയെത്തി മുറി തുറന്നത് ഇരുവരുടെയും മാതാപിതാക്കളാണ്. സംഭവം കണ്ടു ഭയന്ന അവർ കതകടച്ച് ഓടിമാറി.
വെടിവയ്പിനു മുൻപു മൽപിടിത്തം നടന്നതായും പൊലീസ് സംശയിക്കുന്നു. ജോർജ് കുര്യന്റെ ഷർട്ടിലും ചോര പുരണ്ടിരുന്നു. പൊലീസ് എത്തിയപ്പോൾ രക്തം പുരണ്ട ഷർട്ടുമായി ജോർജ് വീട്ടിനുള്ളിലെ കസേരയിൽ ഇരിക്കുകയായിരുന്നു.
സ്വത്തു വിറ്റതിനെ ചൊല്ലിയുള്ള തർക്കം പരിഹരിക്കാൻ 3 ദിവസം മുൻപ് എറണാകുളത്തു നിന്നെത്തിയ ജോർജ് കുര്യൻ കാഞ്ഞിരപ്പള്ളിയിൽ മുറിയെടുത്തു താമസിക്കുകയായിരുന്നു. സഹോദരങ്ങൾ പരസ്പരം സംസാരിച്ചിട്ടും തർക്കത്തിനു പരിഹാരം കാണാൻ കഴിയാതെ വന്നതോടെയാണ് ഇന്നലെ മാതൃസഹോദരൻ മാത്യു സ്കറിയ മധ്യസ്ഥതയ്ക്കായി എത്തിയത്.
ജോർജ് കുര്യൻ ഉപയോഗിച്ച റിവോൾവറിൽനിന്നു 4 വെടി ഉതിർത്തതായി പൊലീസ് കണ്ടെത്തി. രണ്ടെണ്ണം രഞ്ജുവിന്റെയും രണ്ടെണ്ണം മാത്യു സ്കറിയയുടെയും ശരീരത്തിൽ തുളഞ്ഞു കയറിയതായി പൊലീസ് കരുതുന്നു. ഫൊറൻസിക് പരിശോധനയ്ക്കു ശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ.