കിഴക്കമ്പലത്തെ ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിന്റെ കൊലപാതകത്തിൽ രാഷ്ട്രീയ ഗൂഢാലോചനയില്ലെന്ന് പ്രതികളുടെ മൊഴി. വാക്കുതർക്കത്തെ തുടർന്നുണ്ടായ മർദനമെന്നാണ് വാദം. സിപിഎം പ്രവർത്തകരായ പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തി. 

 

സിപിഎം പ്രവർത്തകരായ നാലു പ്രതികളെയും ദീപുവിന്റെ വീടിന് സമീപത്ത് ആക്രമണം നടന്ന സ്ഥലത്തെത്തിച്ചായിരുന്നു തെളിവെടുപ്പ്.  സൈനുദ്ദീൻ, ബഷീർ,അബ്ദു റഹ്മാൻ, അബ്ദുൽ അസീസ് എന്നിവരെ സുരക്ഷാ കാരണങ്ങളാൽ വാഹനത്തിൽ നിന്ന് പുറത്തിറക്കിയില്ല. പെരുമ്പാവൂർ എഎസ്പിയുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തിയത്. ഫോറൻസിക് വിദഗ്ധരും പരിശോധന നടത്തി. രാഷ്ട്രീയ ഗൂഢാലോചനയില്ലെന്ന വാദം പ്രതികൾ തെളിവെടുപ്പിലും ആവർത്തിച്ചു. പ്രതികളുമായുള്ള തെളിവെടുപ്പ് പെട്ടന്ന് പൂർത്തിയാക്കിയതിൽ നാട്ടുകാർ പ്രതിഷേധിച്ചു. 

 

നാളെ വൈകീട്ട് നാലുവരെയാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി കസ്റ്റഡി അനുവദിച്ചിരിക്കുന്നത്.  ചോദ്യം ചെയ്യലും , തെളിവെടുപ്പും ഇതിനുള്ളിൽ പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് പൊലീസ് .  ആക്രമണത്തിന്റെ ഗൂഢാലോചനയിൽ കൂടുതൽപേർ പങ്കെടുത്തിട്ടുണ്ടോയെന്നതിലും വ്യക്തത വരുത്താനാണ് പൊലീസിന്റെ ശ്രമം.