ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് വയലാട്ടിനെതിരെ പോക്സോ കേസ്. ഹോട്ടലില്‍ പാര്‍ട്ടിയ്ക്കിടെ തന്നെയും മകളെയും ഉപദ്രവിച്ചുവെന്ന കോഴിക്കോട് സ്വദേശിനിയുടെ പരാതിയിലാണ് ഫോര്‍ട്ട് കൊച്ചി പൊലീസ് കേസെടുത്തത്. കഴിഞ്ഞ നവംബര്‍ 20ന് ഹോട്ടലില്‍ ഡിജെ പാര്‍ട്ടിക്കിടെ റോയ് ഉപദ്രവിച്ചെന്നാണ് കോഴിക്കോട് സ്വദേശിനിയുടെ പരാതി. പതിനേഴുകാരിയായ മകളെ ബലമായി കയറിപ്പിടിച്ചുവെന്നും യുവതി പരാതിയില്‍ പറയുന്നു. 

 

മോഡലുകളുടെ മരണത്തില്‍ അറസ്റ്റിലായ സൈജു തങ്കച്ചനും സുഹൃത്ത് അഞ്ജലിയും ചേര്‍ന്നാണ് യുവതിയെയും മകളെയും ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലിലേക്ക് കൊണ്ടുപോയത്.  റോയ്ക്കൊപ്പം സൈജു തങ്കച്ചന്‍, അഞ്ജലി എന്നിവര്‍ക്കെതിരെയും കേസുണ്ട്. അതിക്രമത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനുമടക്കമാണ്  കേസ്. ഫോര്‍ട്ട് കൊച്ചി പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസ് മോഡലുകളുടെ മരണം അന്വേഷിക്കുന്ന മെട്രോ പൊലീസിന് കൈമാറി.