കൊച്ചി: പാലാരിവട്ടം ചക്കരപ്പറമ്പിനു സമീപമുണ്ടായ കാറപകടത്തിൽ മുൻ മിസ് കേരളയും റണ്ണർ അപ്പും സുഹൃത്തും മരിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു. മരിക്കുന്നതിനു മുൻപ് ഇവർ ഡിജെ പാർട്ടിയിൽ പങ്കെടുത്ത ഫോർട്ട് കൊച്ചിയിലെ ഹോട്ടലിൽ നിന്ന് അപകടസ്ഥലം വരെയുള്ള സഞ്ചാര പാതയിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിരുന്നു. ഇതു വിശദമായി പരിശോധിച്ചപ്പോഴാണ് അപകടം സ്വാഭാവികമായി സംഭവിച്ചതാണോ എന്നതുൾപ്പെടെയുള്ള സംശയം പൊലീസിനുണ്ടായത്. 

 

മുൻ മിസ് കേരള അൻസി കബീർ, റണ്ണർ അപ് അഞ്ജന ഷാജൻ, സുഹൃത്ത് കെ.എ. മുഹമ്മദ് ആഷിഖ് എന്നിവരുമായി അബ്ദുൽ റഹ്മാൻ ഓടിച്ച കാർ അപകടത്തിൽ പെട്ടതിനു തൊട്ടുപിന്നാലെ എത്തിയ കാറിൽനിന്ന് ഒരാൾ ഇറങ്ങി നോക്കുന്നതും ഉടൻ സ്ഥലം വിടുന്നതും ദൃശ്യങ്ങളിലുണ്ട്. ഇത് ആരാണെന്ന അന്വേഷണമാണു പുരോഗമിക്കുന്നത്. ഡിജെ പാർട്ടി നടന്ന ഫോർട്ട് കൊച്ചിയിലെ ഹോട്ടലിന്റെ ഉടമയാണ് ഇതെന്നു പൊലീസിനു സംശയമുണ്ട്. 

 

കുണ്ടന്നൂർ മുതൽ ഈ കാറുകൾ മത്സരയോട്ടം നടത്തിയതായാണു സിസിടിവി ദൃശ്യങ്ങളിൽ നിന്നു പൊലീസ് കണ്ടെത്തിയിട്ടുള്ളത്. ഇവരുടെ കാറിനെ പിൻതുടർന്നതായി കണ്ടെത്തിയ ഔഡി കാറിന്റെ ഡ്രൈവർ എറണാകുളം സ്വദേശി സൈജു തങ്കച്ചനെ അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തിരുന്നു. എന്നാൽ, മദ്യലഹരിയിൽ വാഹനം ഓടിക്കരുതെന്നു പറയാനാണു വാഹനത്തെ പിന്തുടർന്നതെന്നായിരുന്നു ഇയാളുടെ മൊഴി. ഇതു പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. 

 

കേസിന്റെ കുരുക്കഴിക്കാൻ ആവശ്യമായ തെളിവുകൾ വരും ദിവസങ്ങളിൽ ലഭിക്കുമെന്നാണു പൊലീസിന്റെ പ്രതീക്ഷ. കുണ്ടന്നൂരിൽ മറ്റൊരു വാഹനത്തിന്റെ ഡ്രൈവറും ഇവരും തമ്മിൽ തർക്കം നടന്നിരുന്നു എന്ന വിവരവും ലഭിച്ചുവെങ്കിലും ഈ വാഹനം കണ്ടെത്താനായിട്ടില്ല. 12.30ന് ഫോർട്ട് കൊച്ചിയിലെ ഹോട്ടലിൽ നിന്നു വിട്ട വാഹനം 100–120 കിലോമീറ്ററിൽ വേഗത്തിൽ സഞ്ചരിച്ചിട്ടും ഒരു മണിക്കു മാത്രമാണു ചക്കരപ്പറമ്പിൽ എത്തിയത് എന്നതിനാൽ ഇതിനിടെ എന്തോ സംഭവിച്ചിട്ടുണ്ടെന്നു തന്നെയാണു പൊലീസിന്റെ നിഗമനം.

 

ഹോട്ടലുടമ ഒളിവിൽ

 

പാർട്ടി നടന്ന ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ സംബന്ധിച്ച ദുരൂഹത നീക്കാൻ ഹോട്ടൽ ഉടമയെ ബന്ധപ്പെടാൻ പൊലീസ്  ശ്രമിച്ചെങ്കിലും ഇയാൾ ഒളിവിലാണെന്നാണു വിവരം. രാത്രി ഹോട്ടലിൽ നടത്തിയ ഡിജെ പാർട്ടിക്കിടെ ചില പ്രശ്നങ്ങൾ ഉണ്ടായതായും ഇതാണു ദൃശ്യങ്ങൾ നശിപ്പിക്കാൻ കാരണമെന്നും കരുതുന്നു. ഇതുകൊണ്ടു തന്നെയാകാം ദൃശ്യങ്ങൾ നശിപ്പിക്കാൻ ജീവനക്കാരോട് ഉടമ ആവശ്യപ്പെട്ടതെന്നും സംശയമുണ്ട്. പാർട്ടി നടന്ന ഹാളിലെയും ഹോട്ടലിന്റെ പാർക്കിങ് ഏരിയയിലെയും ദൃശ്യങ്ങൾ അടങ്ങിയ ഡിവിആറാണു കാണാനില്ലാത്തത്.