സ്വന്തം സ്റ്റേഷനിലെ ലാപ്ടോപ്പ് കാണാത്തതിന് സ്വയം കേസെടുത്ത് കോഴിക്കോട് പന്തീരാങ്കാവ് പൊലീസ്. സിറ്റി പൊലീസ് കമ്മിഷണറുടെ നിര്‍ദേശ പ്രകാരമാണ് കേസെടുത്തത്. സി.ഐക്കാണ് അന്വേഷണ ചുമതല. ഈ മാസം 12 നാണ് സ്റ്റേഷനിലെ ലാപ്ടോപ് കാണാതായത്. സ്റ്റേഷന്‍ കെട്ടിടത്തിലെ ചോര്‍ച്ച കാരണം സാധനങ്ങള്‍ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റിയിരുന്നു. തിരികെ സാധനങ്ങള്‍ സ്റ്റേഷനില്‍ എത്തിച്ചു. പക്ഷെ ലാപ്ടോപ്പ് മാത്രം കാണാനില്ല. ഒരാഴ്ച അന്വേഷിച്ചു . കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നീടാണ് ഇക്കാര്യം സിറ്റി പൊലിസ് കമ്മിഷണറുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.

അന്വേഷത്തിന് നിര്‍ദേശിക്കുകയായിരുന്നു. ഉടന്‍ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം. സ്റ്റേഷനിലെ സാധനങ്ങള്‍ മാറ്റിയപ്പോള്‍ കാണാതായതാകാം എന്ന നിഗമനത്തിലാണ് പൊലീസുകാര്‍. പുറത്തുപൊകാനുള്ള സാധ്യത ഇല്ലെന്നും ഉറപ്പിച്ചു പറയുന്നു. സിസിടിവി ദൃശ്യങ്ങളില്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടുമില്ല. സ്റ്റേഷനില്‍ എത്തിയവരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. പൊലിസ് സ്റ്റാന്‍ഡിങ് ഒാര്‍ഡര്‍ പ്രകാരമാണ് ഈ  സംഭവത്തില്‍ കേസ് റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ജില്ലയില്‍ തന്നെ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യുന്ന സ്റ്റേഷനുകളില്‍ ഒന്നാണ് പന്തീരാങ്കാവ്.  ഈ കേസുകള്‍ക്കൊപ്പം സ്വന്തം സ്റ്റേഷനിലെ ലാപ്ടോപ്പുകൂടി അന്വേഷിക്കേണ്ട  അവസ്ഥിലാണിപ്പോള്‍ പൊലിസുകാര്‍.