രണ്ട് ലക്ഷം രൂപയുടെ ബാധ്യത തീർക്കാന്‍ ദൃശ്യം മോഡല്‍ കൊലപാതകമാണ് രാജേന്ദ്രൻ ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്ന് ക്രൈംബ്രാഞ്ച്. പാലക്കാട് കടമ്പഴിപുറത്തെ ദമ്പതികളുടെ കൈയ്യില്‍ ലക്ഷങ്ങള്‍ സമ്പാദ്യമുണ്ടെന്ന ചിന്തയും കൊലയ്ക്ക് കാരണമായി. ഒരിക്കലും തന്നിലേക്ക് അന്വേഷണമെത്താതിരിക്കാന്‍ ഓരോഘട്ടത്തിലും തെളിവ് നശിപ്പിച്ചും കളവ് പ്രചരിപ്പിച്ചുമായിരുന്നു രാജേന്ദ്രന്റെ നീക്കമെന്നും അന്വേഷണ സംഘം പറഞ്ഞു. 

ചിട്ടി പിടിച്ചതുമായി ബന്ധപ്പെട്ട് ഒരു ലക്ഷത്തി തൊണ്ണൂറായിരം രൂപയുടെ ബാധ്യത രാജേന്ദ്രന് ചെന്നൈയിലുണ്ടായിരുന്നു. അപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന രാജേന്ദ്രന് ഈ തുക കണ്ടെത്താൻ വഴിയില്ലാതായി. പിന്നാലെയാണ് വീടിന് അൻപത് മീറ്റർ അകലെ താമസിക്കുന്ന ഗോപാലകൃഷ്ണന്‍, തങ്കമണി ദമ്പതികളിലേക്ക് ശ്രദ്ധയെത്തുന്നത്. പതിവായി സ്വർണം ധരിച്ച് അടുത്ത വീടുകളിൽ ഉൾപ്പെടെ ചടങ്ങുകള്‍ക്കെത്തിയിരുന്ന തങ്കമണിയുടെ കൈയ്യില്‍ നല്ല സമ്പാദ്യമുണ്ടെന്ന് രാജേന്ദ്രന്‍ കരുതി. പിന്നാലെയാണ് കവർച്ച ആസൂത്രണം ചെയ്തത്. ഓട് പൊളിച്ചിറങ്ങിയ രാജേന്ദ്രനെ കണ്ട് ദമ്പതികൾ ബഹളമുണ്ടാക്കി. പ്രതിരോധിക്കുന്നതിനിടെ വടിവാൾ ഉപയോഗിച്ച് ഇരുവരെയും വെട്ടി കൊലപ്പെടുത്തുകയായിരുന്നു. കിട്ടിയ സ്വർണവും പണവുമായി രാജേന്ദ്രൻ കടന്നു.

അവധിക്ക് നാട്ടിലെത്തിയാൽ ചെന്നെയിലേക്ക് മടങ്ങുന്നത് ആരോടും പറയാത്ത രാജേന്ദ്രൻ ആദ്യമായി കൊല നടന്ന ദിവസം ബന്ധുവിനോട് ബൈക്കിൽ ബസ് സ്റ്റോപ്പിലെത്തിക്കാൻ ആവശ്യപ്പെട്ടു. ബസിൽ കയറി പാലക്കാടേക്കുള്ള യാത്രയിൽ മറ്റൊരാൾക്ക് ടിക്കറ്റും എടുത്ത് നൽകി. ഇതെല്ലാം താൻ ചെന്നൈയിലേക്ക് മടങ്ങിയെന്ന് ഉറപ്പിക്കാനായിരുന്നു. കൊലയുണ്ടായ ദിവസം ഒലവക്കോട് പരിധിയിൽ രാജേന്ദ്രന്റെ ഫോൺ നിശ്ചലമായി. രണ്ട് ദിവസം കഴിഞ്ഞ് ചെ‌ന്നൈയിലേക്ക് മടങ്ങിയ രാജേന്ദ്രൻ ജോലി സ്ഥലത്ത് എത്തിയ ശേഷമാണ് ഫോൺ വീണ്ടും പ്രവർത്തിപ്പിച്ചത്. ആദ്യം മുതലേ രാജേന്ദ്രനെ പൊലീസിന് സംശയമുണ്ടായിരുന്നെങ്കിലും തെളിവിലേക്ക് എത്താൻ കഴിഞ്ഞിരുന്നില്ല. വ്യത്യസ്ത സമയങ്ങളിൽ രാജേന്ദ്രന്റെ വിരലടയാളം എടുത്തിരുന്നെങ്കിലും യോജിക്കുന്നുണ്ടായിരുന്നില്ല. അടുത്തിടെ നടത്തിയ വിപുലമായ പരിശോധനയിലാണ് രാജേന്ദ്രനാണ് കൊലപാതകി എന്ന് തെളിഞ്ഞത്. മറ്റാരെങ്കിലും രാജേന്ദ്രനെ സഹായിച്ചിട്ടുണ്ടോ എന്ന കാര്യവും പരിശോധിക്കും.