തമിഴ്നാട് മുന്‍ആരോഗ്യമന്ത്രി സി.വിജയഭാസ്കറുടെ സമ്പാദ്യത്തില്‍ വന്‍ വര്‍ധനയെന്ന് കണ്ടെത്തല്‍. ഇതില്‍ പകുതിയിലധികവും അനധികൃത സമ്പാദ്യമാണെന്നു വ്യക്തമായതോടെ വിജയഭാസ്കറുടെയും ബന്ധുക്കളുടെയും വീടുകളിലും സ്ഥാപനങ്ങളിലും വിജിലന്‍സ് റെയ്ഡ് നടത്തി. അഞ്ചു ജില്ലകളിലായി 48 ഇടങ്ങളിലാണ് പരിശോധന നടന്നത്.
എടപ്പാടി പളനിസാമി സര്‍ക്കാരിലെ ആരോഗ്യമന്ത്രിയായിരുന്നു സി.വിജയഭാസ്കര്‍. മന്ത്രിയാകുന്നതിനു മുന്‍പും പദവി ഒഴിഞ്ഞതിനു പിറകെയും സമര്‍പ്പിച്ച ആദായനികുതി റിട്ടേണുകളാണ് അനധികൃത സമ്പാദ്യങ്ങളിലേക്കു വെളിച്ചം വീശിയത്. ഇന്നലെ ഉച്ചയോടെ വിജിലന്‍സ് കേസ് റജിസ്റ്റര്‍ ചെയ്തു. പുലര്‍ച്ചെ 48 കേന്ദ്രങ്ങളിലായി റെയ്ഡ് തുടങ്ങി. ചെന്നൈ,ചെങ്കല്‍പേട്ട്, കാഞ്ചിപുരം, കോയമ്പത്തൂര്‍, തിരുച്ചിറപ്പള്ളി, പുതുക്കോട്ട എന്നീ ജില്ലകളിലെ വിജയഭാസ്കറിന്റെയും ബന്ധുക്കളുടെയും വീടുകളിലും സ്ഥാപനങ്ങളിലുമാണു ഒരേ സമയം പരിശോധന നടന്നത്. മന്ത്രിയായിരിക്കെ 27.22 കോടി അനധികൃതമായി സമ്പാദിച്ചെന്നുവെന്നു പരിശോധനയില്‍ കണ്ടെത്തി.
വാഹനങ്ങള്‍ ,ആഭരണങ്ങള്‍,ഫാം ഹൗസുകള്‍, കെട്ടിടങ്ങളും വീടുകളും തുടങ്ങി എല്‍.ഐ.സി പോളിസികളില്‍ വരെ കണക്കില്ലാത്ത പണം നിക്ഷേപിച്ചതിന്റെ രേഖകളാണു പിടിച്ചെടുത്തത്.തമിഴ്നാട്ടില്‍ വിജിലന്‍സ് കേസില്‍പെടുന്ന മുന്‍സര്‍ക്കാരിലെ നാലാമനാണ് സി.വിജയഭാസ്കര്‍. നേരത്തെ എടപ്പാടി പളനിസാമി മന്ത്രിസഭയില്‍ പൊതുമരാമത്ത് മന്ത്രിയായിരുന്ന എസ്.പി വേലുമണി, വാണിജ്യനികുതി വകുപ്പ് കൈകാര്യം ചെയ്തിരുന്ന കെ.സി വീരമണി, ഗതാഗതമന്ത്രിയായിരുന്ന എം.ആര്‍ വിജയഭാസ്കര്‍ എന്നിവര്‍ അഴിമതിക്കേസുകളില്‍ പ്രതികളായിരുന്നു. എടപ്പാടി പളനിസാമി സര്‍ക്കാരിലെ ജനകീയ മുഖമായിരുന്ന വിജയഭാസ്കര്‍ കൂടി അഴിമതിക്കേസുകളില്‍പെട്ടതോടെ അണ്ണാഡി.എം.കെ കടുത്ത പ്രതിരോധത്തിലായി. വിജയഭാസ്കറിന്റെ സമ്പാദ്യങ്ങള്‍ക്കെല്ലാം രേഖകളുണ്ടെന്നും അവ ആദായ നികുതി വകുപ്പിനു കൈമാറിയിട്ടുണ്ടെന്നുമാണ് പാര്‍ട്ടിയുടെ വിശദീകരണം.