വധശ്രമം, കുഴല്‍പ്പണക്കടത്ത്, ലഹരികടത്ത് തുടങ്ങി നിരവധി കേസുകളില്‍ പ്രതിയായ അനീഷ് ആന്റണിയെന്ന മരട് അനീഷ് പാലക്കാട്ട് അറസ്റ്റിലായി. പുതുപ്പരിയാരത്ത് കാറില്‍ കടത്തുകയായിരുന്ന തൊണ്ണൂറ്റി നാല് ലക്ഷം രൂപയുടെ കുഴല്‍പ്പണം തട്ടിയ കേസിലാണ് ഹേമാംബിക പൊലീസ് പിടികൂടിയത്. അതിര്‍ത്തിയിലൂടെ പതിവായി അനീഷിന്റെ നേതൃത്വത്തില്‍ ലഹരികടത്തുന്നതായ വിവരം വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് പറ‍ഞ്ഞു

 

ലഹരിയുമായി രേഖകളില്ലാതെ വാളയാര്‍ അതിര്‍ത്തി ക‍ടന്ന് ഒരു ആഢംബര വാഹനം വേഗതയില്‍ നീങ്ങുന്നുവെന്ന വിവരമാണ് വാളയാര്‍ പൊലീസിന് ലഭിച്ചത്. ടോള്‍ ബൂത്തിന് സമീപം വാഹനം നിര്‍ത്തിയുള്ള പരിശോധനയില്‍ ലഹരിയൊന്നും കണ്ടെത്താനായില്ല. എന്നാല്‍ വാഹനത്തിലുള്ളവരുടെ  രേഖകള്‍ പരിശോധിച്ചപ്പോഴാണ് നിരവധി കേസുകളില്‍ പ്രതിയായ മരട് അനീഷെന്ന് വ്യക്തമായത്. പിന്നാലെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. അന്വേഷണത്തില്‍ ഏറെനാളായി കുഴല്‍പ്പണം തട്ടിയതിന് ഹേമാംബിക പൊലീസ് തിരയുന്ന പ്രതിയെന്ന് തെളിഞ്ഞു. പിന്നാലെ അന്വേഷണസംഘത്തിന് വാളയാര്‍ പൊലീസ് അനീഷിനെ കൈമാറുകയായിരുന്നു. 

 

എറണാകുളം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലെ വിവിധ സ്റ്റേഷനുകളില്‍ അനീഷിനെതിരെ കേസുണ്ട്. ഉയര്‍ന്ന അഭിഭാഷകരെ ഇറക്കി കേസ് വാദിക്കുന്നതിനോടൊപ്പം പല കേസുകളും കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കുകയും ചെയ്യുന്നതാണ് രീതി. അനീഷിന്റെ വാഹനം വിദഗ്ധരെ ഉപയോഗിച്ച് പരിശോധിച്ചെങ്കിലും സംശയത്തിനിടയുള്ളതൊന്നും കണ്ടെത്തിയില്ലെന്ന് പൊലീസ് വ്യക്തമാക്കി.