leena-paul

സാമ്പത്തിക തട്ടിപ്പ് കേസ് ഡല്‍ഹി പൊലീസ് കെട്ടിച്ചമച്ചതെന്ന ആരോപണവുമായി നടി ലീന മരിയ പോള്‍.  എന്നാല്‍ ലീനയ്ക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്നാണ് പൊലീസ് വാദം. പട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കിയ ലീനയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. 

ഫോര്‍ട്ടിസ് ഹെല്‍ത്ത്കെയര്‍ മുന്‍ പ്രമോട്ടറുടെ ഭാര്യയില്‍ നിന്ന് 200 കോടി തട്ടിയ കേസില്‍ കഴിഞ്ഞ ദിവസമാണ് നടി ലീന മരിയ പോളിനെ ഡല്‍ഹി പൊലീസ് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തത്. ഇന്നുച്ചയ്ക്ക് ലീനയെ കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് കസ്റ്റഡിയിലേക്ക് കൊണ്ടുപോകും വഴിയാണ് ഡല്‍ഹി പൊലീസിനെതിരെ ലീന ആരോപണമുന്നയിച്ചത്. നിലവില്‍ രോഹിണി ജയിലില്‍ കഴിയുന്ന കേസിലെ മുഖ്യപ്രതിയായ സുകേഷ് ചന്ദ്രശേഖറിന്‍റെ ഭാര്യ എന്ന നിലയില്‍ സുകേഷ് പ്രതിയായ കേസുകളിലെല്ലാം തന്നെയും കാരണമില്ലാതെ അറസ്റ്റ് ചെയ്യുകയാണെന്ന് ലീന പറഞ്ഞു. 

അതേസമയം തട്ടിപ്പിലൂടെ ലഭിച്ച തുക ലീനയും കൂട്ടാളികളും ഹോങ്കോങ് ആസ്ഥാനമായ ഷെല്‍ കമ്പനികളിലേക്ക് വകമാറ്റിയെന്നാണ് പൊലീസ് വാദം. കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന വാദം അംഗീകരിച്ചാണ് കോടതി ലീന മരിയ പോളിനെ 15 ദിവസത്തെ കസ്റ്റഡിയില്‍ വിട്ടത്. അറസ്റ്റിലായ അരുണ്‍ മുത്തു, മോഹന്‍രാജ് എന്നീ പ്രതികളെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്‍റെയും കമലേഷ് കോത്താരി, ജോയല്‍ ഡാനിയേല്‍ എന്നിവരെ പൊലീസ് കസ്റ്റഡിയിലും വിട്ടു. ലീനക്കെതിരെ മകോക്കയും ചുമത്തിയിട്ടുണ്ട്.