സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് കേസ് ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുക്കും. എന്‍ഐഎ സംഘം കോഴിക്കോട് ജില്ലാക്രൈബ്രാഞ്ച് ഓഫിസിലെത്തി കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിച്ചു. തീവ്രവാദ ബന്ധം പുറത്തുവന്ന പശ്ചാത്തലത്തിലാണ് കേസ് എന്‍ഐഎ ഏറ്റെടുക്കുന്നത്.
ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറമേ പാക്കിസ്ഥാന്‍, ചൈന, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്ന് സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് വഴി ഇന്ത്യയിലേയ്ക്കും തിരിച്ചും ബന്ധപ്പെട്ടിരുന്നു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഈ റൂട്ടുകള്‍ ഉപയോഗിച്ചിരുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. കേസില്‍ അറസ്റ്റിലായ ഇബ്രാഹിം പുല്ലോട്ടിലിന്‍റെ മൊഴിയും സമാനരീതിയില്‍ ആയിരുന്നു. സൈനിക നീക്കങ്ങള്‍ അടക്കം ചോര്‍ത്താന്‍ ശ്രമം നടന്നുവെന്നാണ് സംശയം.
കോഴിക്കോട് ക്രൈംബ്രാഞ്ച് ഓഫിസിലെത്തിയ കൊച്ചിയിലെ എന്‍ഐഎ സംഘം കേസുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും ശേഖരിച്ചു. ഡിവൈഎസ്പി സി. രാധാകൃഷ്ണന്‍റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് വിവരശേഖരണത്തിനായി എത്തിയത്. ഇത് രണ്ടാം തവണയാണ് എന്‍ഐഎ കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുന്നത്. കേസ് രണ്ടാഴ്ച്ചയ്ക്കകം എന്‍ഐഎ ഏറ്റെടുക്കുമെന്നാണ് വിവരം.