രണ്ടാം ശ്രമത്തിലാണ് പാലക്കാട് ചന്ദ്രനഗര്‍ മരുതറോഡ് ബാങ്കിലെ കവര്‍ച്ച പൂര്‍ത്തിയാക്കി ഏഴ് കിലോ സ്വര്‍ണവും പതിനെട്ടായിരം രൂപയുമായി കടന്നതെന്ന് നിഖില്‍ അശോക് ജോഷി. ബാങ്കിലേക്ക് പ്രവേശിക്കാനുള്ള വ്യത്യസ്ത വഴികളുള്‍പ്പെടെ കണ്ടുവച്ചാണ് കവര്‍ച്ച ആസൂത്രണം ചെയ്തതെന്നും തെളിവെടുപ്പിനിടെ സമ്മതിച്ചു. നഷ്ടപ്പെട്ട സ്വര്‍ണം വീണ്ടെടുക്കാന്‍ അന്വേഷണസംഘം അടുത്തദിവസം പ്രതിക്കൊപ്പം മുംബൈയിലേക്ക് തിരിക്കും.
ഒന്നും മറച്ചുവയ്ക്കാതെ എല്ലാം കൃത്യമായി ശബ്ദം ഉയര്‍ത്തി നിഖില്‍ അശോക് ജോഷി പൊലീസിനോട് വിശദീകരിച്ചു. തുടര്‍ന്നുള്ള സംശയങ്ങള്‍ക്ക് മടികൂടാതെ മറുപടി. രണ്ടായിരം രൂപ ചില്ലറയാക്കാന്‍ കവര്‍ച്ചയ്ക്ക് രണ്ട് ദിവസം മുന്‍പ് ബാങ്കിലെത്തിയതാണ് തുടക്കം. ബാങ്കിലെ ലോക്കറിന്റെ സ്ഥാനവും സുരക്ഷാ കരുതലുമെല്ലാം മനസിലാക്കി മടങ്ങി. അഞ്ച് വഴികളിലൂടെ ബാങ്കിലേക്ക് പ്രവേശിക്കാമെന്നുറപ്പിച്ചു. കവര്‍ച്ച നടന്ന ദിവസം രാത്രിയില്‍ മുന്‍വശം വഴി തന്നെ എത്തി. ഗ്രില്ല് തകര്‍ത്ത് അകത്ത് കയറി വൈദ്യുതിബന്ധം വിശ്ചേദിച്ചു. സുരക്ഷാ അലാറവും സിസിടിവിയും തകര്‍ത്തു.
ഷട്ടറിന്റെ പൂട്ട് പൊളിച്ചപ്പോള്‍ തന്നെ ഒരുഭാഗം ഇളകിമാറി. ഗ്ലാസ് വാതില്‍ ചുറ്റിക കൊണ്ട് തകര്‍ത്ത് ഒരാള്‍ക്ക് കടക്കാവുന്ന വിടവിലൂടെ അകത്ത് കയറി. ലോക്കറിന്റെ ആദ്യവാതില്‍ ചുരുങ്ങിയ സമത്തിനുള്ളില്‍ ഗ്രില്ല് ചെയ്ത് തകര്‍ത്തു. രണ്ടാം വാതില്‍ തുറക്കാന്‍ ഏറെനേരം പരിശ്രമിച്ചിട്ടും സാധിക്കാത്തതിനാല്‍ തിരികെ വണ്ടിയിലെത്തി കുറച്ച് സമയം വിശ്രമിച്ചു. ഒന്നുകൂടി ശ്രമിക്കാമെന്ന് ആലോചിച്ച് ഉള്ളിലേക്ക് കയറിയാണ് മൂന്ന് കമ്പികള്‍ തകര്‍ത്ത് ഏഴ് കിലോ സ്വര്‍ണവും പതിനെട്ടായിരം രൂപയുമായി കടന്നത്. കവര്‍ച്ച കഴിഞ്ഞ് പുലര്‍ച്ചെ ബെംഗലൂരു വഴി നാസികിലേക്ക് മടങ്ങിയെന്നാണ് മൊഴി. പാലക്കാട് രണ്ട് ഹോട്ടലുകളിലായി പതിനാല് ദിവസമാണ് നിഖില്‍ അശോക് ജോഷി താമസിച്ചത്. കഞ്ചിക്കോട് പതിനൊന്നും സ്റ്റേഡിയം ബൈപ്പാസ് ഭാഗത്തെ ഹോട്ടലില്‍ മൂന്ന് ദിവസവും. ബാങ്കിലും ഹോട്ടലിലുമെത്തിച്ച് വിശദമായി തെളിവെടുത്തു. ഹോട്ടല്‍ ജീവനക്കാര്‍ ഇയാളെ തിരിച്ചറിഞ്ഞു.