കാസർകോട് ബേഡകം കുറിത്തിക്കുണ്ടിൽ കുടുംബവഴക്കിനെ തുടര്‍ന്ന് ഭർത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. കുറത്തിക്കുണ്ട് കോളനി സ്വദേശിനി സുമിതയാണ് മരിച്ചത്. ഭർത്താവ് അരുണ്‍കുമാറിനെ ബേഡകം പൊലീസ് അറസ്റ്റ് ചെയ്തു.
23 വയസ്സുകാരി സുമിതയെയാണ് പുലര്‍ച്ചെ ഒന്നരയോടെ ഭര്‍ത്താവ് അരുണ്‍കുമാര്‍ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. സുമിതയ്ക്ക് മറ്റ് ബന്ധങ്ങളുണ്ട് എന്ന സംശയത്തിന്‍റെ പേരില്‍ അരുണ്‍കുമാര്‍ ഇടയ്ക്കിടെ വഴക്കുണ്ടാക്കുമായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. വിവാഹം കഴിഞ്ഞ് രണ്ട് വര്‍ഷമേ ആയുള്ളെങ്കിലും ഇരുവരും നാലുവര്‍ഷമായി ഒരുമിച്ച് ജീവിക്കുകയായിരുന്നു. ഇവര്‍ തമ്മില്‍ വിവാഹത്തിനുശേഷം കലഹം പതിവായതോടെ ബന്ധുക്കള്‍ ഇടപെട്ടതാണ്. മദ്യപിച്ചെത്തിയ അരുണ്‍ ഇന്നലെ രാത്രി സുമിതയെ മര്‍ദിക്കുകയും പട്ടികകൊണ്ട് തലയ്ക്കടിക്കുകയുമായിരുന്നു. സുമിതയെ ഉടന്‍ തന്നെ ബേഡഡുക്ക താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഇരുവര്‍ക്കും മൂന്ന് വയസ്സുള്ള ഒരാണ്‍കുട്ടിയുണ്ട്. ബേഡഡുക്ക വാവടുക്കം സ്വദേശിനിയാണ് സുമിത.