കൊല്ലത്തെ വിസ്മയ കേസില്‍ എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി കിരണ്‍കുമാര്‍ ഹൈക്കോടതിയില്‍. തനിക്കെതിരായ സ്ത്രീധന പീഡനക്കേസ് നിലനില്‍ക്കില്ലെന്നാണ് കിരണ്‍ കുമാറിന്‍റെ വാദം. ഹര്‍ജി തീര്‍പ്പാക്കും വരെ കേസിലെ തുടര്‍നടപടികള്‍ സ്റ്റേ ചെയ്യണമെന്നും ആവശ്യമുണ്ട്.

 

വിസ്മയ കേസിലെ ജാമ്യാപേക്ഷ കൊല്ലം ജില്ലാ സെഷന്‍സ് കോടതിയുടെ പരിഗണനയില്‍ ഇരിക്കുമ്പോഴാണ് കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി പ്രതി കിരണ്‍‍ കുമാര്‍ ഹൈക്കോടതിയെ സമീപിച്ചത്. തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും സ്ത്രീധന പീഡന കുറ്റം നിലനില്‍ക്കില്ലെന്നുമാണ് കിരണിന്‍റെ വാദം. മുന്‍കാല പ്രശ്നങ്ങളുടെ പേരിലാണ് തനിക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. 

 

മരണസമയത്തോ അതിനു മുന്‍പോ താന്‍ വിസ്മയയെ മര്‍ദിച്ചുവെന്നതിന് തെളിവുകളില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. അഡ്വക്കേറ്റ് ബിഎ ആളൂര്‍ മുഖേനയാണ് പ്രതി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഹര്‍ജി അടുത്ത ദിവസം കോടതി പരിഗണിച്ചേക്കും. കഴിഞ്ഞ ദിവസം കിരണിന്‍റെ ജാമ്യാപേക്ഷ ശാസ്താംകോട്ട കോടതി തള്ളിയിരുന്നു. തുടര്‍ന്ന് ജില്ലാ സെഷന്‍സ് കോടതിയില്‍ ജാമ്യഹര്‍ജി നല്‍കുകയായിരുന്നു. നിലവില്‍ കോവിഡ് ബാധിതനായി നെയ്യാറ്റിന്‍കര സബ്ജയിലിലാണ് പ്രതിയുള്ളത്. ഇക്കഴിഞ്ഞ ജൂൺ 21 നാണ് വിസ്മയയെ ഭർത്തൃ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. സ്ത്രീധനത്തെച്ചൊല്ലിയുള്ള ഭർത്താവ് കിരൺകുമാറിന്റെ നിരന്തര പീഡനത്തെ തുടർന്ന് വിസ്മയ മരിച്ചതെന്നാണ് പോലീസ് കേസ്