kollam-reshma-arrest

 

കൊല്ലം കല്ലുവാതുക്കലിൽ നവജാതശിശുവിനെ ഉപേക്ഷിച്ച കേസില്‍ വഴിത്തിരിവ്. കാമുകനെന്ന പേരിൽ കുഞ്ഞിന്റെ അമ്മ രേഷ്മയോട് ചാറ്റ് ചെയ്തത് ആത്മഹത്യ ചെയ്ത യുവതികളെന്ന് പൊലീസ് കണ്ടെത്തി. അനന്തു എന്ന പേരിലുള്ള വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ടിൽ നിന്നായിരുന്നു രേഷ്മയുടെ ബന്ധുക്കളായ യുവതികളുടെ ചാറ്റിങ്. കൈവിട്ട തമാശയില്‍ പൊലിഞ്ഞത് മൂന്നു ജീവനുകളാണ്. പ്രസവിച്ചയുടന്‍‌ കുഞ്ഞിനെ ഉപേക്ഷിച്ച കല്ലുവാതുക്കല്‍ രേഷ്മയുടെ കാമുകനെ കണ്ടെത്താന്‍ പൊലീസ് നടത്തിയ ശ്രമത്തിനിടെ ഇവരുടെ ബന്ധുക്കളായ ആര്യയും ഗ്രീഷ്മയും ആത്മഹത്യ ചെയ്തത് ഏറെ ദുരൂഹതകള്‍ക്കിടയാക്കിയിരുന്നു. എന്നാല്‍ ആത്മഹത്യ ചെയ്ത യുവതികള്‍ തന്നെയാണ് രേഷ്മയെ കബളിപ്പിച്ചിരുന്നത്. അനന്തു എന്ന പേരില്‍ വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ട് മുഖേന കബളിപ്പിച്ചതായി പൊലീസ് കണ്ടെത്തി. മരിച്ച ഗ്രീഷ്മ മറ്റൊരു സുഹൃത്തിനോട് ഇക്കാര്യം പറഞ്ഞതാണ് പൊലീസ് അന്വേഷണത്തില്‍ നിര്‍ണായകമായത്. 

 

കഴിഞ്ഞ ജനുവരിയിലാണ് പ്രസവിച്ചയുടന്‍ രേഷ്മ കുഞ്ഞിനെ ഉപേക്ഷിച്ചത്. കുഞ്ഞിന്റെ അമ്മ രേഷ്മയാണെന്ന് പൊലീസ് തെളിയിച്ചത് ഡിഎന്‍‌എ പരിശോധനയിലൂടെയായിരുന്നു. കാമുകനുവേണ്ടി കുഞ്ഞിനെ ഉപേക്ഷിച്ചെന്നായിരുന്നു അറസ്റ്റിലായപ്പോള്‍ രേഷ്മയുടെ മൊഴി. കാമുകന്‍ ആരാണെന്ന അന്വേഷണത്തിലാണ് ആര്യയും ഗ്രീഷ്മയുമാണ് ഇതിന് പിന്നിലെന്ന് തെളിഞ്ഞത്. കഴിഞ്ഞ ജൂണ്‍ 24ന് ആര്യയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാന്‍ പാരിപ്പളളി പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചപ്പോഴാണ് ആര്യ ഗ്രീഷ്മയെ ഒപ്പം കൂട്ടി ഇത്തിക്കരയാറില്‍ ചാടി ആത്മഹത്യ ചെയ്തത്. രേഷ്മയെ കബളിപ്പിച്ചതിന്റെ പേരില്‍ പ്രതികളാകുമെന്ന് ഭയന്ന് യുവതികള്‍ ആത്മഹത്യ ചെയ്തെന്നാണ് നിഗമനം.