കാസർകോട്ടെ മൈ ക്ലബ് ട്രേഡേഴ്സ് മണി ചെയിൻ തട്ടിപ്പുകേസിലെ പ്രധാനിയടക്കം രണ്ടുപേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ചെങ്കള സ്വദേശി ജലാലുദ്ദീനും നെല്ലിക്കട്ട സ്വദേശി മൻസിഫുമാണ് അറസ്റ്റിലായത്. തട്ടിപ്പിന്റെ മുഖ്യ സൂത്രധാരനെന്ന് കരുതപ്പെടുന്ന ജലാലുദ്ദീൻ നൂറുകോടിയിലേറെ രൂപ വിദേശത്തേക്ക് കടത്തിയെന്ന് സമ്മതിച്ചതായാണ് പൊലീസ് പറയുന്നത്
മഞ്ചേശ്വരം കേന്ദ്രീകരിച്ച് നടന്ന മണി ചെയിൻ തട്ടിപ്പിൽ വിവിധയിടങ്ങളിൽ നിന്നായി നൂറുകോടിയിലേറെ രൂപയാണ് ജലാലുദ്ദീൻ മാത്രം സമാഹരിച്ചത്. നിക്ഷേപമായി ലഭിച്ച
ഈതുക ജലാലുദ്ദീൻ ഗൾഫിലേക്ക് അയച്ചു. ഈ തുക ഉപയോഗിച്ച് കാസർകോട്ടും കോഴിക്കോട്ടും ജ്വല്ലറി തുടങ്ങാൻ പദ്ധതിയിട്ടു. കമ്പിനിക്കായി സാങ്കേതിക സഹായം നൽകിയിരുന്ന മൻസിഫാണ് അറസ്റ്റിലായ മറ്റൊരാൾ. വെബ്സൈറ്റിൽ ഇടപാടുകാരുടെ വിവരങ്ങൾ ചേർക്കുകയായിരുന്നു ജോലി.
ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. സ്ഥാപനത്തിന്റെ ഡയറക്ടർമാരായ രണ്ടുപേരും ഇതിനകം അറസ്റ്റിലായിട്ടുണ്ട്. മൈക്ലബ് ട്രേഡേഴ്സ് എന്നപേരിൽ പലരിൽനിന്നായി കോടികൾ തട്ടിയെടുത്ത് പ്രിൻസസ് ഗോൾഡ് ആൻഡ് ഡയമണ്ട് എന്ന സ്ഥാപനത്തിന്റെ പേരിലാണ് ഇവർ തട്ടിപ്പ് നടത്തിയത്. സ്ഥാപനത്തിന്റെ എംഡിയടക്കമുള്ള ചിലർ ഗൾഫ് രാജ്യങ്ങളിൽ ഒളിവിൽ കഴിയുന്നതായാണ് പൊലീസിന് വിവരം ലഭിച്ചിരിക്കുന്നത്. രാജ്യാന്തര ബന്ധങ്ങൾ ഉൾപ്പെടെ സംശയിക്കുന്ന കേസിൽ കൂടുതൽ അറസ്റ്റ് ഉടനുണ്ടായേക്കും. കോടതിയിൽ ഹാജരാക്കിയ ജലാലുദ്ദീനെയും മൻസിഫിനെയും റിമാൻഡ് ചെയ്തു.