1920x1080-Crime-Story_21_02_new

ഏറെപ്രമാദമായ ചില കേസുകള്‍ പിന്നീട് എവിടേയും എത്താതെ പോകാറുണ്ട്. കഴിഞ്ഞ വര്‍ഷം കേരളത്തെ ഞെട്ടിച്ച കൊലപാതക പരമ്പരയായിരുന്നു കൂട്ടത്തായി കൂട്ടക്കൊലപാതകം. പതിനെട്ടുവര്‍ഷത്തിന് ശേഷം തെളിഞ്ഞ കേസില്‍ അന്വേഷണസംഘത്തിന് മുന്നില്‍ വെല്ലുവിളികള്‍ ഒട്ടേരെയായിരുന്നു. ആറു കൊലപാതകങ്ങള്‍. ആറുകൊലപാതകങ്ങളും ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത് ജോളിയെന്ന ക്രിമിനല്‍ ബുദ്ധിയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയെങ്കിലും തെളിവുശേഖരണം ശ്രമകരമായിരുന്നു. ഒരുവര്‍ഷം പിന്നീടുമ്പോള്‍ എല്ലാകേസിലും കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും വിചാരണ നടപടികള്‍ തുടങ്ങിയിട്ടില്ല. ജോളികേസില്‍ തെളിവുശേഖരിക്കുന്നതില്‍ അന്വേഷണസംഘം പരാജയപ്പെട്ടോ. കൊട്ടിഘോഷിച്ച കൂടത്തായി കൂട്ടക്കൊലയില്‍ ജോളിയെ ശിക്ഷിക്കാന്‍ പര്യാപ്തമായ തെളിവുകള്‍ ഇപ്പോഴും കോടതിക്കുമുന്നിലുണ്ടോ. അതോ ജോളി തെളിവുകളുടെ അഭാവത്തില്‍ പുറത്തിറങ്ങുമോ?‌

ഇടുക്കിയിലെ കട്ടപ്പനയില്‍ നിന്ന് കോഴിക്കോട് കൂടത്തായിയിലേക്കുള്ള ജോളിയുടെ യാത്ര കുടുംബജീവിതം കരുപ്പിടിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതായിരുന്നു. മലയോരത്ത് ഏറെ പേരുകേട്ട പൊന്നാമറ്റം കുടുംബത്തിലേക്ക് മരുമകളായി. റോയി തോമസിന്‍റെ ഭാര്യയായി. ടോം തോമസിന്‍റേയും അന്നാമ തോമസിന്‍റേയും മരുമകളായി.

ജോളിയുടെ  പെരുമാറ്റത്തിലൊക്കെ അന്നാമ്മ തോമസിന് സംശയം ജനിച്ചു. ജോളിയുടെ വിദ്യാഭ്യാസയോഗ്യത. പെരുമാറ്റങ്ങള്‍. ജോലിക്ക് പോകുന്ന രീതികള്‍ അങ്ങനെ. വിവാഹശേഷം വൈകാതെ  തന്നെ അന്നാമ്മ ഇക്കാര്യങ്ങളെല്ലാം ജോളിയോട് ചോദിക്കാനും തുടങ്ങി. ചോദ്യം ചെയ്യലുകള്‍ ജോളിയില്‍ വൈരാഗ്യം ജനിപ്പിച്ചു.

22.08.2002 ആദ്യ കൊലപാതകത്തിന് അരങ്ങൊരുങ്ങി. അന്നാമ്മ തോമസ്  വയസ് 57

പൊന്നാമറ്റം തറവാട്ടിലെ എല്ലാകാര്യങ്ങളിലും സര്‍വസ്വാതന്ത്യങ്ങളും അന്നാമ്മ തോമസിനായിരുന്നു. സാമ്പത്തീകം കൈകാര്യം ചെയ്യുന്നത് ഉള്‍പ്പെടെ അന്നാമ്മ നിയന്ത്രിച്ചതോടെ കുടുംബത്തിന്‍റെ താക്കോല്‍ സ്ഥാനം കൈക്കലാക്കാന്‍ ജോളി തീരുമാനിച്ചു. അതിനായി അന്നാമ്മ തോമസിനെ കൊലപ്പെടുത്തണം.

കൂട്ടക്കൊലയിലെ ആദ്യകൊലപാതകത്തിലെ തെളിവുകള്‍ അന്വേഷണസംഘം ശേഖരിച്ചു. കുഴിമാടം കുഴിച്ച് തെളിവ് ശേഖരിച്ചു. അന്നാമ്മ കൊലക്കേസില്‍ ജോളി മാത്രമാണ് പ്രതി. തനിയെ ആസൂത്രണം നടത്തി നടപ്പിലാക്കിയ കൊലപാതകം എന്ന് ക്രൈംബ്രാഞ്ച് കുറ്റപത്രത്തില്‍ കുറിച്ചു.ആറു കൊലക്കേസില്‍ അന്നാമ്മ കൊലക്കേസില്‍ മാത്രമാണ് ജോളിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. എന്നാല്‍ അന്വേഷണസംഘം നല്‍കിയ അപ്പീലില്‍ സുപ്രീംകോടതി ജോളിയുടെ ജാമ്യം റദ്ദാക്കി.

26.08.2008 കൂട്ടക്കൊലയിലെ രണ്ടാമത്തെ കൊലപാതകം. ടോം തോമസ്  വയസ് 66

കൊലപാതകത്തിന് സയനൈഡ് ഉപയോഗിക്കാമെന്ന് ജോളി കണ്ടെത്തിയ ആദ്യ കൊലപാതകം. സ്വത്തുക്കള്‍ തന്‍റെ ഭര്‍ത്താവിന്‍റെ പേരിലേക്ക് എത്തിക്കാനായിരുന്നു ടോം തോമസിനെ കൊലപ്പെടുത്തിയത്. ആരുമില്ലാതിരുന്ന സമയത്ത് ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തി ടോം തോമസിന് നല്‍കി.സയനൈഡ് ശേഖരിച്ച് സുഹൃത്ത് എം എസ് മാത്യുവഴി. ലഭിച്ചത് സ്വര്‍ണപ്പണിക്കാരന്‍ പ്രിജുകുമാറില്‍ നിന്ന്.

കേസിലെ ഒന്നാം പ്രതിയാണ് ജോളി. രണ്ടാം പ്രതി സയനൈഡ് സംഘടിപ്പിച്ച് നല്‍കിയ എംഎസ് മാത്യു. മൂന്നാം പ്രതി സ്വര്‍ണപ്പണിക്കാരന്‍ പ്രിജുകുമാര്‍. കല്ലറയില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളില്‍ നിന്ന് ഇനി സയനൈഡിന്‍റെ അംശം കണ്ടെത്താനുളള ശാസ്ത്രീയ പരിശോധന മാത്രമാണ് ബാക്കിയാകുന്നത്. മറ്റെല്ലാ തെളിവുകളും ശേഖരിച്ചെന്ന് അന്വേഷണസംഘം പറയുന്നു. എന്നാല്‍ വിചാരണം ഇതുവരെ ആരംഭിച്ചിട്ടില്ല.

30.09.2011 കൂട്ടക്കൊലയിലെ മൂന്നാമത്തെ കൊലപാതകം. ജോളിയുടെ ഭര്‍ത്താവ് റോയ് തോമസ്. വയസ് 40. 

കൂടത്തായി കൂട്ടക്കൊലയില്‍ ആദ്യം സംശയം തുടങ്ങിയത് റോയിയുടെ മരണത്തോടെയാണ്....റോയിയെ കൊലപ്പെടുത്തി സ്വത്ത് തട്ടിയെക്കാനായിരുന്നു ജോളിയുടെ പദ്ധതി.. ടോം തോമസിനെ കൊലപ്പെടുത്തിയ പോലെ  ഭക്ഷണത്തില്‍ സയനൈഡ് നല്‍കി.....നാലുവര്‍ഷം മുമ്പ് ഉപയോഗിച്ച് സൈയനൈഡ് ബാക്കിയുണ്ടായിരുന്നെന്നും അതാണ് ഉപയോഗിച്ചതെന്നും ജോളി മൊഴി നല്‍കിയെങ്കിലും പൊലീസ് തള്ളിക്കളഞ്ഞു..ഇത്തവണയും സയനൈഡ് നല്‍കിയ എംഎസ് മാത്യുവും പ്രിജികുമാറും ചേര്‍ന്നാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

24.04.2014. കൂട്ടക്കൊലയിലെ നാലമത്തെ കൊലപാതകം അമ്മാവന്‍ മാത്യു മഞ്ചാടിയിലിന്‍റേത്. വയസ് 67.

തുടക്കം മുതലേ റോയ് തോമസിന്‍റെ മരണത്തില്‍ അസ്വഭാവികത പ്രകടിപ്പിച്ചത് അമ്മാവനായ മാത്യു മഞ്ചാടിയില്‍ ആയിരുന്നു. മാത്യുജീവിച്ചിരുന്നാല്‍ മൂന്നുകൊലപാതകങ്ങളും തെളിയുമെന്ന് ജോളി ഭയപ്പെട്ടു. അവശേഷിക്കുന്ന തെളിവുകള്‍ ഇല്ലാതാക്കാന്‍ മാത്യുവിനെ കൊലപ്പെടുത്താന്‍ ജോളി തീരുമാനിച്ചു. അങ്ങനെ മനപൂര്‍വം ജോളി മാത്യുവുമായി അടുപ്പം പുലര്‍ത്തി. mവീട്ടില്‍ ആരുമില്ലാതിരുന്ന സമയം കൊലയ്ക്കായി തിരഞ്ഞെടുത്തു.

ഒാരോ കൊലപാതകങ്ങള്‍ കഴിയുമ്പോഴും ജോളി അടുത്ത കൊലയ്ക്കുവേണ്ടിയുള്ള തയാറെടുപ്പിലായിരുന്നു. ഒാരോ കൊലയുടേയും കാരണങ്ങള്‍ വ്യത്യസ്തം. സ്വത്തും വൈരാഗ്യവും മറ്റൊരാളെ  സ്വന്തമാക്കാനുള്ള ആഗ്രഹവുമൊക്കെ കാരണങ്ങളായി. അങ്ങനെ ആ കൂട്ടക്കൊലയുടെ പട്ടിക നീണ്ടുകൊണ്ടിരുന്നു.

03.05.2014  കൂട്ടക്കൊലയിലെ അഞ്ചാമത്തെ കൊലപാതകം ഷാജുവിന്‍റെ കുഞ്ഞ് ആല്‍ഫൈന‍്. ഒരു വയസ് 

പ്രായം. ജോളിയെന്ന കൊലയാളിയുടെ ക്രൂരത ഏറ്റവും പ്രകടമാക്കിയ അരുംകൊല. ഷാജുവിനെ സ്വന്തമാക്കാന്‍ ഷാജുവിന്‍റെ രണ്ടാമത്തെ കുഞ്ഞ് ആല്‍ഫൈനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചു. അതിന് തിരഞ്ഞെടുത്തത് ആ കുഞ്ഞിന്‍റെ പിറന്നാള്‍ ദിനം തന്നെ.

സയനൈഡ് കഴിച്ച് അവശനിലയിലായ കുഞ്ഞിനെ ആശുപത്രിയിലെത്തിക്കാനും മുന്നില്‍ നിന്ന് ജോളി തന്നെ. അങ്ങനെ മനപൂര്‍വം വഴികള്‍ മാറിമാറി സഞ്ചരിച്ച് ആശുപത്രിയിലെത്തിക്കുന്നതും മനപൂര്‍വം വൈകിപ്പിച്ചു. അങ്ങനെ ആ കുഞ്ഞ് മരിച്ചു. കുഞ്ഞ് മരിച്ചതോടെ ഷാജുവിനെ സ്വന്തമാക്കാനുള്ള  ലക്ഷ്യത്തിലേക്ക് ജോളി ഒരു പടികൂടി അടുത്തു.

2016 കൂട്ടക്കൊലയിലെ അവസാനത്തെ കൊല. ഷാജുവിന്‍റെ  ഭാര്യ സിലി. 

ഷാജുവിനെ സ്വന്തക്കാന്‍ സിലിയെ കൊലപ്പെടുത്തണമെന്ന് ആദ്യമേ തന്നെ ജോളി തീരുമാനിച്ചിരുന്നു. അതിനായി അടുപ്പം കാട്ടി കൂടെ കൂടി. ഇതൊന്നും ഷാജു അറിഞ്ഞിരുന്നില്ലെന്നാണ് പിന്നീട് അന്വേഷണസംഘത്തിന്‍റെ കണ്ടെത്തല്‍. സിലിയെ കൊലപ്പെടുത്താന്‍ പലതവണ ശ്രമിച്ചു..അതെല്ലാം പരാജയപ്പെട്ടു. ഒടുവില്‍ താമരശേരിയില്‍ വെച്ച് നടപ്പിലാക്കി.

രാജ്യത്തെ ഞെട്ടിച്ച കൂട്ടക്കൊലയുടെ ചുരുളഴിഞ്ഞു. അന്വേഷണസംഘം ഒാരോ പ്രതികളുടേയും പങ്ക് വിവരിച്ച് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പക്ഷേ തെളിവുശേഖരണം ഇനിയും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ വിചാരണ ആരംഭിച്ചിട്ടില്ല. വിചാരണയുടെ പ്രാരംഭ നടപടികള്‍ കോടതിയില്‍ ആരംഭിക്കുമ്പോള്‍  ശാസ്ത്രീയ പരിശോധന റിപ്പോര്‍ട്ടുകള്‍ക്ക് ഇതുവരെ സാമ്പിളുകള്‍ അയച്ചിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം.

അന്വേഷണസംഘത്തിന് നേതൃത്വം നല്‍കിയ കെജി സൈമണ്‍ വിരമിച്ചു. ഡിവൈസ്പിമാരും സിഐമാരും സ്ഥലം മാറി. കോവീഡിന്‍റെ പേരില്‍ നടപടികള്‍ വൈകിപ്പിച്ചാല്‍ അത് കേസിനെ ബാധിക്കുമെന്ന് ഉറപ്പാണ്. കൂട്ടക്കൊല നടത്തിയ ജോളി നിയമസംവിധാനത്തെ മുഴുവന്‍ നോക്കുകുത്തിയാക്കി തെളിവുകളുടെ അഭാവത്തില്‍ പുറത്തിറങ്ങിയാല്‍ നിയമസംവിധാനത്തിന് അത് തിരിച്ചടിയാകും.