kaviyoor-case

കുറ്റവാളി എത്ര സമര്‍ത്ഥനെങ്കിലും ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞ ഒരു തെളിവെങ്കിലും അവശേഷിച്ചിരിക്കും. അത് കണ്ടെത്തുന്നിടത്താണ് കുറ്റാന്വേഷകന്റെ വിജയം. അന്വേഷണ ഏജന്‍സികളുടെ പതിറ്റാണ്ടാകുളായുള്ള വിശ്വാസമാണിത്. പക്ഷെ കവിയൂര്‍ കേസില്‍ ആ തെളിവ് കണ്ടെത്തുന്നതില്‍ രാജ്യത്തെ ഏറ്റവും വലിയ അന്വേഷണ ഏജന്‍സിയായ സി.ബി.ഐ പരാജയപ്പെട്ടു. 

2004 സെപ്തംബര്‍ 28നാണ് ആ കൂട്ടമരണം പുറത്തറിയുന്നത്. തിരുവല്ലയില്‍ കവിയൂര്‍ ക്ഷേത്രത്തിനടുത്തായിരുന്നു വീട്. അച്ഛനും അമ്മയും മൂന്ന് മക്കളുമാണ് മരിച്ചത്. അച്ഛനെ ഫാനില്‍ തൂങ്ങിയ നിലയിലും മറ്റുള്ളവരെ മുറിയില്‍ മരിച്ച് കിടക്കുന്ന നിലയിലും കണ്ടു. കൊലപാതകമാണെന്ന ആരോപണം ഉയര്‍ന്നു. മൂത്തമകളായ പതിനഞ്ചുകാരി പീഡിപ്പിക്കപ്പെട്ടു. പീഡിപ്പിച്ചത് രാഷ്ട്രീയക്കാരനായ വി.ഐ.പി എന്നും ആക്ഷേപം എത്തിയതോടെ കേരളത്തിലെ വലിയ വിവാദമായ കേസ് മാറി.  

മന്ത്രിയായിരുന്ന പി.കെ.ശ്രീമതി ഈ പറയുന്നത് കോട്ടയത്തെ കിളിരൂര്‍ പീഡനക്കേസിലെ ഇരയേക്കുറിച്ചാണ്. ഈ വാക്കുകളാണ് കിളിരൂര്‍ പീഡനത്തില്‍ വി.ഐ.പിയെന്ന ആക്ഷേപത്തിന് തുടക്കമിട്ടത്. കിളിരൂര്‍ കേസിലെ മുഖ്യപ്രതിയായ ലതാ നായര്‌ക്ക് കവിയൂരില്‍ മരിച്ച കുടുംബവുമായി അടുപ്പമുണ്ടായിരുന്നു. അങ്ങിനെയാണ് കിളിരൂര്‍ കേസ് പോലെ കവിയൂരിലെ പീഡനത്തിലും വി.ഐ.പി എന്ന ആരോപണം ഉയര്‍ന്നത്. വി.എസ്. അച്യുതാനന്ദന്‍ ഈ ആരോപണം ഏറ്റെടുത്ത് നടത്തിയ നീക്കങ്ങള്‍ 2006ല്‍ അദേഹത്തെ മുഖ്യമന്ത്രി കസേരയിലെത്തിക്കാന്‍ പോലും സഹായിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.

കൂട്ട മരണം കഴിഞ്ഞ് ഇപ്പോള്‍ 16 വര്‍ഷമായി. ഭരണങ്ങള്‍ പലത് മാറി. സി.ബി.ഐ 14 വര്‍ഷം അന്വേഷിച്ചു. കോടതികള്‍ പലതവണ ഇടപെട്ടു. എന്നിട്ടും ആരാണ് വി.ഐ.പി എന്നോ പീഡിപ്പിച്ചതാരെന്നോ കണ്ടെത്താതെ  തെളിയാക്കേസുകളുടെ പട്ടികയിലേക്ക് കവിയൂരും കയറുകയാണ്.

സി.ബി.ഐ ആദ്യം അന്വേഷിച്ചത് ഇത് ആത്മഹത്യയാണോ കൊലപാതകമാണോ എന്നതായിരുന്നു. അവരുടെ ഉത്തരം ആത്മഹത്യയെന്നാണ്. വിശദീകരിക്കുന്നത് ഇങ്ങിനെയാണ്. കൂട്ട ആത്മഹത്യയ്ക്ക് അച്ഛനും അമ്മയും മൂത്തകുട്ടിയും ചേര്‍ന്ന് തീരുമാനിച്ചു. പാല്‍കഞ്ഞിയില്‍ വിഷം ചേര്‍ത്ത് അച്ഛന്‍ ഭാര്യയ്ക്കും മക്കള്‍ക്കും നല്‍കി. ഭാര്യയും മൂത്തമകളും മരിച്ചു. വിഷം കഴിച്ചിട്ടും ഇളയകുട്ടികള്‍ മരിക്കാത്തതിനാല്‍ അച്ഛന്‍ തന്നെ ശ്വാസം മുട്ടിച്ചു കൊന്നു. അതിന് ശേഷം അച്ഛന്‍ ഫാനില്‍ തൂങ്ങിമരിച്ചു. പുറത്ത് നിന്നാര്‍ക്കും ഇതില്‍ പങ്കില്ലെന്ന് ഉറപ്പിക്കാന്‍ മൂന്ന്  തെളിവാണ് സി.ബി.ഐ പറയുന്നത്.

1) ഇവര്‍ മരിച്ച് കിടന്ന മുറികളെല്ലാം അകത്ത് നിന്ന് പൂട്ടിയിരിക്കുകയായിരുന്നു. പൊലീസെത്തി വാതില്‍ തകര്‍ത്താണ് അകത്ത് കയറിയത്. 

2)അച്ഛനും മൂത്തമകളും എഴുതിയ ആത്മഹത്യാകുറിപ്പ് കണ്ടെടുത്തു. കയ്യക്ഷരം ഇവരുടേതെന്ന് ശാസ്ത്രീയ

3)സംഭവദിവസം രാത്രി ലൈറ്റിന്റെ പ്രകാശം അല്ലാതെ മറ്റൊരു ശബ്ദമോ ആളുകളുടെ സാന്നിധ്യമോ അവിടെ കണ്ടില്ലെന്ന അയല്‍ക്കാരുടെ മൊഴി.

ഇതോടൊപ്പം എന്തിനായിരുന്നു ആത്മഹത്യയെന്നും സി.ബി.ഐ പറയുന്നു. കിളിരൂര്‍ കേസിലെ പ്രതിയായ ലതാ നായരെ സംരക്ഷിച്ചതിന് ഗൃഹനാഥനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇത് വലിയ നാണക്കേടായി. നാട്ടുകാര്‍ മക്കളേപ്പോലും കളിയാക്കി. ഇതിലുള്ള മനോവിഷമം കടുംകൈയ്ക്ക് കാരണമായി. മറ്റൊന്ന് സാമ്പത്തിക ഇടപാടില്‍ ലതാ നായര്‍ ചതിച്ചത് വലിയ കടത്തിനും ഇടയാക്കി. ഇതോടെ കടുംകൈ ചെയ്തു. അങ്ങിനെ ആത്മഹത്യാപ്രേരണാകുറ്റത്തിന് ലതാ നായരെ കേസിലെ ഏക പ്രതിയാക്കി അറസ്റ്റ് ചെയ്തു.

പക്ഷെ ഏറ്റവും പ്രധാന ചോദ്യം പെണ്‍കുട്ടിയെ പീഡിപ്പിച്ചതാരാണെന്നാണ്. 

ഒന്നിലേറെ തവണ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി.. മരണത്തിന് തൊട്ടുമുന്‍പുള്ള 72 മണിക്കൂറിനിടെയാണ് ഏറ്റവും ഒടുവില്‍ പീഡിപ്പിക്കപ്പെട്ടത്. 

പക്ഷെ ആരാണ് പീഡിപ്പിച്ചതെന്ന് കണ്ടെത്താന്‍ ഒരു തെളിവുമില്ല. ശരീരത്തില്‍ നിന്ന് കണ്ടെടുത്ത പുരുഷ ബീജം തുടക്കത്തില്‍ തന്നെ ഡി.എന്‍.എ പരിശോധന നടത്താത്ത പൊലീസിന്റെ വീഴ്ചയാണ് തെളിവില്ലാതാകാന്‍ കാരണമെന്നും സി.ബി.ഐ പറയുന്നു. 

പക്ഷെ അച്ഛനെ പ്രതികൂട്ടിലാക്കുന്ന നീക്കങ്ങളും സി.ബി.ഐ മുന്നോട്ട് വയ്ക്കുന്നുണ്ട്. 

ഏറ്റവും ഒടുവില്‍ പീഡിപ്പിക്കപ്പെട്ടെന്ന് കണ്ടെത്തിയ 72 മണിക്കൂറിനുള്ളില്‍ പെണ്‍കുട്ടി വീട്ടില്‍ തന്നെയായിരുന്നു. അച്ഛനല്ലാതെ പുരുഷനായിട്ട് ആരും ഇവിടെ വന്നിട്ടില്ല. അതുകൊണ്ട് അച്ഛനെ സംശയിക്കാം. 

മാത്രവുമല്ല, അച്ഛന്‍ മോശമായി പെരുമാറുന്നൂവെന്ന് പെണ്‍കുട്ടി പറഞ്ഞതായി സഹപാഠിയുടെ മൊഴിയുമുണ്ട്. ഇതൊക്കെയാണങ്കിലും അച്ഛനാണ് പീഡിപ്പിച്ചതെന്ന് ഉറപ്പിക്കാനുള്ള തെളിവില്ലെന്നും സി.ബി.ഐ പറയുന്നു. അങ്ങിനെ ഒരു പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടൂവെന്ന് കണ്ടെത്തിയിട്ടും ആരാണ് ഉത്തരവാദിയെന്ന് രാജ്യത്തെ ഏറ്റവും വലിയ അന്വേഷണ ഏജന്‍സിക്ക് കണ്ടെത്താനായില്ല.

ഇനിയാണ് വി.ഐ.പിയിലേക്കുള്ള അന്വേഷണം. സെക്സ് മാഫിയയുടെ ഭാഗമായ ലതാ നായര്‍ പെണ്‍കുട്ടിയെ പുറത്ത് പലസ്ഥലത്തും കൊണ്ടുപോയി രാഷ്ട്രീയക്കാരനായ വി.ഐ.പിക്ക് കാഴ്ചവെച്ചെന്നതാണ് ആരോപണത്തിന്റെ ചുരുക്കം. പക്ഷെ അങ്ങിനെ ഒന്നില്ലെന്നാണ് സി.ബി.ഐ പറയുന്നത്. ലതാ നായരെ നുണപരിശോധന നടത്തിയിട്ട് പോലും വി.ഐ.പിയുടെ പേരോ കുട്ടിയെ പുറത്ത് കൊണ്ടുപോയ കാര്യമോ പറഞ്ഞിട്ടില്ല. വി.ഐ.പിയെന്ന് പരാതി പറഞ്ഞ ക്രൈം നന്ദകുമാറും ആരാണ് വി.ഐ.പിയെന്ന് പറയുകയോ അതിനുള്ള തെളിവോ ഹാജരാക്കിയില്ലെന്നും സി.ബി.ഐ വാദിക്കുന്നു. അങ്ങിനെ വി.ഐ.പി ഇല്ലെന്നും ഉറപ്പിക്കുന്നു.

14 വര്‍ഷത്തെ അന്വേഷണ ചരിത്രത്തിനിടെ സി.ബി.ഐ നാല് തവണ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ആദ്യ റിപ്പോര്‍ട്ടില്‍ കുട്ടി പീഡനത്തിന് ഇരയായെന്നതിനപ്പുറം ഒന്നും പറഞ്ഞില്ല. രണ്ടും മൂന്നും റിപ്പോര്‍ട്ടില്‍ അച്ഛനാണ് പീഡിപ്പിച്ചതെന്ന് പറഞ്ഞു. ആ കണ്ടെത്തല്‍ കോടതി വിമര്‍ശനത്തോടെ തള്ളിയതോടെ നാലാം റിപ്പോര്‍ട്ടില്‍ പീഡനത്തിനിരയായി പക്ഷെ അച്ഛനാണോ എന്നതിന് തെളിവില്ലെന്ന് ആക്കി. അങ്ങിനെ മാറ്റി മാറ്റി സി.ബി.ഐക്ക് തന്നെ നാണക്കേടായ കേസായി കവിയൂര്‍ മാറി. ഇനി ഹൈക്കോടതിയാണ് തീരുമാനിക്കേണ്ടത് വീണ്ടും അന്വേഷിക്കണോ കേസ് അവസാനിപ്പിക്കണോയെന്ന്. അവസാനിപ്പിക്കുകയാണെങ്കില്‍ ആ കുടുംബത്തിന് നീതിയില്ലെന്ന് കൂടി നിയമപുസ്തകത്തില്‍ എഴുതേണ്ടിവരും.