ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്‍പുത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട് കാമുകി റിയ ചക്രവര്‍ത്തിക്കെതിരായ സാമ്പത്തികതിരിമറി ആരോപണങ്ങളില്‍ എന്‍ഫോഴ്‍സ്മെന്‍റ് ഇടപെടുന്നു. ബിഹാര്‍ പൊലീസ് റജിസ്റ്റര്‍ ചെയ്‍ത എഫ്ആറിന്റെ പകര്‍പ്പ് കൈമാറാന്‍ എന്‍ഫോഴ്‍സ്മെന്‍റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു. അതേസമയം, സുശാന്തിന്‍റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി.
ആത്മഹത്യാപ്രോരണാക്കുറ്റത്തിന് പുറമേ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് നിരവധി ആരോപണങ്ങള്‍ സുശാന്തിന്‍റെ പിതാവ് കെ.കെ സിങ് ബിഹാര്‍ പൊലീസിന് നല്‍കിയ പരാതിയില്‍ റിയ ചക്രവര്‍ത്തിക്കെതിരെ ആരോപിച്ചിരുന്നു. സുശാന്തിന്‍റെ ബാങ്ക് അക്കൗണ്ടില്‍നിന്ന് 15 കോടി കാണാതായെന്നും സുശാന്തിന്‍റെ പണമിടപാടുകള്‍ റിയയാണ് നടത്തിയതെന്നും ആരോപണമുയര്‍ന്നു. ഇത്തരം കാര്യങ്ങളില്‍ എന്‍ഫോഴ‍്‍സ്‌മെന്‍റ് ഡയറക്ടറേറ്റ് വ്യക്തത വരുത്തും. സുശാന്തും റിയയും സഹോദരനും പങ്കാളികളായി കമ്പനി തുടങ്ങിയതായും അതില്‍ നടനെ കബളിപ്പിച്ചതായും ആരോപണമുണ്ട്. സുശാന്തിന്‍റെയും റിയ ചക്രവര്‍ത്തിയുടെയും വിശദമായ ബാങ്ക് സ്റ്റേറ്റ്മെന്‍റ് എന്‍ഫോഴ്‍സ്മെന്‍റ് ശേഖരിക്കും.
അതേസമയം, സുശാന്തിന്‍റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുന്നതിനിടെ ഇതാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. ബിഹാര്‍ പൊലീസ് റജിസ്റ്റര്‍ ചെയ്‌ത കേസ് മരണം നടന്ന മുംബൈയിലേക്ക് മാറ്റണമെന്ന റിയ ചക്രവര്‍ത്തിയുടെ ഹര്‍ജി കോടതി ഇതുവരെ പരിഗണിച്ചിട്ടില്ല. സുശാന്തിന്‍റെ പിതാവിന്‍റെ പരാതിയില്‍ കാമുകി റിയക്കെതിരെ ബിഹാര്‍ പൊലീസ് കേസെടുത്തതോടെ ബോളിവുഡിന്‍റെ പങ്ക് സംബന്ധിച്ച മുംബൈ പൊലീസിന്‍റെ അന്വേഷണം അനിശ്ചതത്വത്തിലായി. കേസില്‍ നേരിട്ടുള്ള കുറ്റകൃത്യത്തിന്‍റെ സാധ്യത ഉരുത്തിരിഞ്ഞതോടെ സുശാന്തിന്‍റെ ബന്ധുക്കളില്‍നിന്ന് വീണ്ടും മൊഴിയെടുക്കുമെന്നാണ് മുംബൈ പൊലീസ് വൃത്തങ്ങള്‍ അറിയിക്കുന്നത്.