പാലത്തായി പീഡനക്കേസില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ ഇരയുടെ കുടുംബം ഹൈക്കോടതിയിലേക്ക്. അന്വേഷണം പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ ജാമ്യത്തിലിറങ്ങിയ പ്രതി തെളിവു നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നാണ് ഇവരുടെ വാദം. 

 

കണ്ണൂര്‍ പാലത്തായില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്ത് തൊണ്ണൂറാം ദിവസമാണ് അന്വേഷണസംഘം ഭാഗിക കുറ്റപത്രം സമര്‍പ്പിച്ചത്. പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്താന്‍ വിശദമായ അന്വേഷണം നടത്തണമെന്നും ഇതിന് കൂടുതല്‍ സമയം വേണമെന്നുമുള്ള അന്വേഷണസംഘത്തിന്‍റെ ആവശ്യം കോടതി അംഗീകരിച്ചു. എന്നാല്‍ ഭാഗിക കുറ്റപത്രത്തില്‍ പറയുന്ന വകുപ്പുകള്‍ പ്രകാരം പ്രതിക്ക് ജാമ്യത്തിന് അര്‍ഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം അനുവദിച്ചത്. എന്നാല്‍ പോക്സോ അടക്കമുള്ള കാര്യങ്ങളില്‍ അന്വേഷണം ബാക്കി നില്‍ക്കേ പ്രതിക്ക് ജാമ്യം നല്‍കുന്നത് തിരിച്ചടിയാകുമെന്നാണ് ഇരയുടെ കുടുംബത്തിന്‍റെ വാദം.

 

പ്രതിക്കെതിരെ പോക്സോ വകുപ്പ് ചുമത്തണം എന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനും നീക്കമുണ്ട്. അന്വേഷണച്ചുമതല വനിതാ ഉദ്യോഗസ്ഥയ്ക്ക് കൈമാറണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു

പൊലീസ് അന്വേഷണം അട്ടിമറിച്ചു എന്നാരോപിച്ച് പെണ്‍കുട്ടിയുടെ കുടുംബം മുഖ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്.