aluva-charayam-5

 

വീട്ടിലിരുന്ന് ചാരായം വാറ്റിയ നാല് പേര്‍ ആലുവയില്‍ അറസ്റ്റില്‍. വീട്ടുടമസ്ഥനെയും കൂട്ടാളികളെയുമാണ് എക്സൈസ് സംഘം പിടികൂടിയത്. 170 ലിറ്റര്‍ വാഷും വാറ്റ് ഉപകരണങ്ങളും ഇവരില്‍ നിന്ന് പിടിച്ചെടുത്തു. ആലുവ കുന്നത്തേരിയില്‍ നിന്ന് ഇന്നലെ വന്‍തോതില്‍ വ്യാജമദ്യം പിടികൂടിയിരുന്നു.

 

ആലുവ കീഴ്മാട്– തുലാപ്പാടം റോഡിലെ പാണ്ടന്‍ ചേരിയിലുള്ള വീട്ടിലിരുന്നായിരുന്നു ചാരായം വാറ്റ്. പട്ടാളക്കാരനായിരുന്ന വീട്ടുടമസ്ഥന്‍  കേളപ്പന്‍ എന്ന് വിളിപ്പേരുള്ള സുരേഷ്,  കുട്ടമശേരി അമ്പാട്ട് വീട്ടില്‍ അനി എന്ന് വിളിക്കുന്ന  സനില്‍ കുമാര്‍, സഹായി കുട്ടമശേരി  കോതേലിപ്പറമ്പില്‍ വീട്ടില്‍ ജെയിംസ് എന്ന് വിളിക്കുന്ന സുബ്രമഹ്ണ്യന്‍ കീഴ്മാട് തുലാപ്പാടം റോഡില്‍ കല്ലായി വീട്ടിലെ രാജേഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തതത്. 

 

ചാരായം വാറ്റിക്കൊണ്ടിരിക്കുന്നതിനിടയിലായിരുന്നു കേളപ്പന്റെ വീട്ടില്‍ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍  എക്സൈസ് പരിശോധന. ഇവരില്‍ നിന്ന് രണ്ട് ലിറ്റര്‍ ചാരായവും, ശര്‍ക്കരയും ധാന്യപ്പൊടികളുമിട്ട് പാകപ്പെടുത്തിയ 170 ലിറ്റര്‍ വാഷും, സ്റ്റൗവും കുക്കറും അടക്കം വാറ്റാനുള്ള ഉപകരണങ്ങളും പിടിച്ചെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

ഇന്നലെ ആലുവ കുന്നത്തേരിയില്‍ നിന്നു  വന്‍തോതില്‍ വ്യാജമദ്യം പിടിച്ചെടുത്തിരുന്നു. മദ്യകമ്പനികളുടെ വ്യാജലേബല്‍ പതിച്ച അന്‍പതിലേറെ കുപ്പികളിലായാണ് നിറച്ചുവച്ചിരുന്നത്.. ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.