കോഴിക്കോട് തൊട്ടില്‍പ്പാലത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം രാഷ്ട്രീയ സംഘര്‍ഷത്തിലേക്ക് നീങ്ങാനുള്ള സാധ്യതയെന്ന് രഹസ്യാന്വേഷണ വിഭാഗം. അന്വേഷണ മേല്‍നോട്ടത്തിന് വടകര റൂറല്‍ എസ്.പി നാദാപുരം എ.എസ്.പിയെ ചുമതലപ്പെടുത്തി.
സ്വകാര്യ വിഷയം പറഞ്ഞുതീര്‍ക്കുന്നതിനിടയിലാണ് കഴിഞ്ഞദിവസം രാത്രിയില്‍ എടച്ചേരിക്കണ്ടി അന്‍സാര്‍ ലീഗ് ഓഫിസില്‍ കുത്തേറ്റ് കൊല്ലപ്പെട്ടത്. ഒരു വനിതയുള്‍പ്പെടെ കൂടുതലാളുകളുടെ അറസ്റ്റിനും സാധ്യതയുണ്ട്.
സമൂഹമാധ്യമങ്ങളിലൂടെ അഹമ്മദിനെതിരെ അന്‍സാര്‍ പ്രചരണം നടത്തിയെന്ന പരാതിയിലാണ് ലീഗ് ഓഫിസില്‍ ഒത്തുതീര്‍പ്പ് നിശ്ചയിച്ചത്. ഇരുകൂട്ടരുമായി രണ്ട് തവണ ചര്‍ച്ച നടന്നെങ്കിലും പ്രശ്നപരിഹാരമുണ്ടായില്ല. മൂന്നാംവട്ട ചര്‍ച്ചക്കിടെയാണ് അന്‍സാറിന് കുത്തേറ്റത്. അറസ്റ്റിലായ അഹമ്മദും കൂടെയുണ്ടായിരുന്നവരും ചേര്‍ന്ന് അന്‍സാറിനെ കുത്തിയെന്നാണ് ലീഗ് ഓഫിസിലുണ്ടായിരുന്നുവരുടെ മൊഴി.
സംഘര്‍ഷം ഒഴിവാക്കാനെത്തിയ അന്‍സാറിന്റെ സുഹൃത്തിനും പരുക്കേറ്റിരുന്നു. ഇയാളുടെ മൊഴിയിലാണ് വനിതയുള്‍പ്പെടെ കൂടുതലാളുകള്‍ക്ക് പങ്കുണ്ടെന്ന് വ്യക്തമായത്. അന്‍സാറും, അഹമ്മദും ലീഗ് പ്രവര്‍ത്തകരായതിനാല്‍ കൂടുതല്‍ സംഘര്‍ഷ സാധ്യതയില്ലെന്നായിരുന്നു വിലയിരുത്തല്‍.
എന്നാല്‍ അന്‍സാറിനെ അനുകൂലിച്ച് മറ്റ് രാഷ്ട്രീയ പാര്‍ട്ടിയിലെ യുവജനവിഭാഗം രംഗത്തെത്താനുള്ള സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണവിഭാഗം പറയുന്നു. ഇത് കണക്കിലെടുത്താണ് കൂടുതല്‍ പൊലീസിനെ വിന്യസിച്ചുള്ള ജാഗ്രത.