kozhikode-sex-racket-2

 

കോഴിക്കോട് കക്കാടംപൊയിലിലെ റിസോര്‍ട്ടില്‍ പതിനാറുകാരി പീഡനത്തിനിരയായ കേസില്‍ എട്ടുപേര്‍ നിരീക്ഷണത്തില്‍. രാഷ്ട്രീയക്കാരും ബിസിനസുകാരുമുള്‍പ്പെടെ നാല്‍പ്പത്തി ഒന്നുപേരെയാണ് അന്വേഷണസംഘം ചോദ്യം ചെയ്ത് വിട്ടയച്ചത്. 

 

നാല് ദിവസമാണ് പതിനാറുകാരി കക്കാടംപൊയിലിലെ റിസോര്‍ട്ടിലുണ്ടായിരുന്നത്. ഈ സമയം പെണ്‍വാണിഭ സംഘത്തിലെ മറ്റ് ചില വനിതകളും ഇവിടെ താമസിച്ചിരുന്നു. മുപ്പതിലധികമാളുകള്‍ സന്ദര്‍ശകരായി. പെണ്‍കുട്ടിക്ക് ഇരുപത് വയസ് കഴിഞ്ഞിട്ടുണ്ടെന്നാണ് റിസോര്‍ട്ട് നടത്തിപ്പുകാര്‍ ഇടപാടുകാരോട് പറഞ്ഞിരുന്നത്. ചോദ്യം ചെയ്യലിന് സി ബ്രാഞ്ച് വിളിപ്പിച്ചപ്പോഴാണ് പലരും കുടുങ്ങിയതായി അറിഞ്ഞത്. 

 

സംശയമുള്ള നാല്‍പത്തി ഒന്നുപേരെ ചോദ്യം ചെയ്ത് വിട്ടയച്ചു. ഇതില്‍ എട്ടുപേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരെ വീണ്ടും സി ബ്രാഞ്ച് ഓഫിസിലെത്താന്‍ നിര്‍ദേശിച്ചെങ്കിലും പലരും ഒളിവിലാണ്. മുന്‍കൂര്‍ ജാമ്യം നേടാന്‍ ശ്രമം തുടങ്ങിയവരുമുണ്ട്. കോഴിക്കോട്, മലപ്പുറം ജില്ലകളിലുള്ളവരാണ് കക്കാടംപൊയിലിലെ റിസോര്‍ട്ടില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പെണ്‍കുട്ടിയെ നാല് മാസത്തിലധികം വയനാട്ടിലെ വിവിധ റിസോര്‍ട്ടുകളില്‍ താമസിപ്പിച്ച് പീഡനത്തിനിരയാക്കിയെന്നും കണ്ടെത്തിയിട്ടുണ്ട്. പീഡിപ്പിച്ചവരുടെ എണ്ണം ഇനിയും കൂടുമെന്നാണ് അന്വേഷണസംഘം പറയുന്നത്. വയനാട്ടിലെ ഉദ്യോഗസ്ഥരെക്കൂടി ഉള്‍പ്പെടുത്തി അന്വേഷണം വിപുലപ്പെടുത്തുന്നതിനാണ് സി ബ്രാഞ്ച് തീരുമാനം. റിസോര്‍ട്ട് നടത്തിപ്പുകാരും പെണ്‍കുട്ടിയെ എത്തിച്ച വനിതയുമുള്‍പ്പെടെ അ‍ഞ്ചുപേരാണ് അറസ്റ്റിലായത്.