കര്‍ണാടകയില്‍നിന്ന് പതിനാറുകാരിയെ കേരളത്തിലെ റിസോര്‍ട്ടിലെത്തിച്ച് പെണ്‍വാണിഭം നടത്തിയ കേസില്‍ മുഖ്യപ്രതിയുടെ കൂട്ടാളിയെ അറസ്റ്റ് ചെയ്തു. വയനാട് ബത്തേരി സ്വദേശി ഇല്ല്യാസെന്ന റിച്ചുവിനെയാണ് വടകര റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് സംഘം പിടികൂടിയത്. മുഖ്യപ്രതി കര്‍ണാടക ചിക്കമംഗലൂര്‍ സ്വദേശിനി ഫര്‍സാനയെ ഇതിന് മുന്‍പ് അറസ്റ്റ് ചെയ്തിരുന്നു.
വയനാട്ടിലെ റിസോര്‍ട്ടുകളില്‍ പെണ്‍കുട്ടികളെ എത്തിച്ച് നല്‍കിയിരുന്നത് ഇല്ല്യാസാണ്. ഇയാളുടെ കീഴില്‍ വന്‍ റാക്കറ്റ് പ്രവര്‍ത്തിക്കുന്നതായി പൊലീസ് കണ്ടെത്തി. മുഖ്യപ്രതി ഫര്‍സാനയുടെ സഹായത്തോടെയാണ് കേരളത്തിലേക്ക് പെണ്‍കുട്ടികളെ എത്തിച്ചിരുന്നത്. പിടികൂടാതിരിക്കാന്‍ വീടുകള്‍ മാറി താമസിക്കുകയായിരുന്ന ഇല്ല്യാസിനെ കുട്ടൂകാര്‍ക്കൊപ്പം വാടകവീട്ടിലിരുന്ന് മദ്യപിക്കുന്നതിനിടയിലാണ് അറസ്റ്റ് ചെയ്തത്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ച് പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായെന്ന് വിശ്വസിപ്പിച്ചാണ് ഇടപാടുകാരെ കണ്ടെത്തുന്നത്.
കോഴിക്കോട് കക്കാടംപൊയില്‍ റിസോട്ടിലെ പീഡനത്തിനിടെ മൂന്നുപേരെ നേരത്തെ തിരുവമ്പാടി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പൊലീസ് പിടികൂടിയപ്പോള്‍ മാത്രമാണ് പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന് പ്രതികള്‍ അറിയുന്നത്. ഇതിലെ പ്രതിയായ നിസാര്‍ ബാബു ജാമ്യത്തിലിറങ്ങി ഒളിവിലാണ്.