ഉന്നാവില്‍ ബലാല്‍സംഗംചെയ്ത പെണ്‍കുട്ടിയെ ചുട്ടുകൊന്ന കേസില്‍ ഫൊറന്‍സിക് തെളിവുകള്‍ നിര്‍ണായകമാകും. പൊള്ളലേല്‍ക്കുമ്പോള്‍ പെണ്‍കുട്ടിയുടെ കൈയ്യിലുണ്ടായിരുന്ന മൈാബൈല്‍ ഫോണടക്കമുള്ള വസ്തുക്കള്‍ പരിശോധനയ്ക്കയച്ചു. കേസ് ബലപ്പെടുത്താന്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തി. അഞ്ച് ദിവസത്തിനകം കുറ്റപത്രം സമര്‍പിക്കുമെന്ന് ഉത്തര്‍പ്രദേശ് ഡിജിപി പറഞ്ഞു. 

 

ജാമ്യത്തിലിറങ്ങിയ പ്രതികള്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഗുരുതരവീഴ്ച്ചയുണ്ടായെന്ന ആരോപണങ്ങള്‍ക്കിടെയാണ് മുഖം രക്ഷിക്കാനുള്ള പൊലീസ് നടപടികള്‍. പൊള്ളലേല്‍ക്കുമ്പോള്‍ പെണ്‍കുട്ടിയുെട പക്കലുണ്ടായിരുന്ന മൈാബൈല്‍ ഫോണടക്കമുള്ള വസ്തുക്കള്‍ ഫോന്‍സിക്ക് പരിശോധനയ്ക്ക് വിധേയമാക്കും. പ്രതികളുടെ ഡിഎന്‍എ പരിശോധന നടത്തും. ഫോന്‍സിക്ക് പരിശോധനയിലൂടെ ലഭിക്കുന്ന തെളിവുകള്‍ പ്രതികളുടെ ഡിഎന്‍എയുമായി ഒത്തുനോക്കുകയാണ് ലക്ഷ്യം. കേസില്‍ ദൃക്സാക്ഷികളില്ലാത്തത് പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ പഴുതൊരുക്കുമെന്ന ആശങ്ക നീക്കാന്‍ പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തി. 

 

പെണ്‍കുട്ടിയുടെ മരണമൊഴിയില്‍ അഞ്ച് പ്രതികളുടെയും പേരെടുത്തുപറയുന്നുണ്ട്. ആദ്യം രഹസ്യമൊഴി രേഖപ്പെടുത്തിയ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിന്റെയും ഡല്‍ഹിയിലെ ആശുപത്രിയില്‍ പെണ്‍കുട്ടിയെ ചികില്‍സിച്ച ഡോക്ടര്‍മാരുെടും മോഴിയെടുക്കും. കേസില്‍ അഞ്ച് ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പിച്ച് തുടര്‍നടപടികള്‍ക്കായി അതിവേഗ കോടതിയെ സമീപിക്കുമെന്നും ഡിജിപി പറഞ്ഞു.