appunni-escape-plan

കിളിമാനൂർ റേഡിയോ ജോക്കി രാജേഷ് വധക്കേസ് പ്രതി, അപ്പുണ്ണിയെ പൊലീസ് കസ്റ്റഡിയിൽനിന്ന് രക്ഷപെടാൻ സഹായിച്ച അഞ്ചഗസംഘം പിടിയിൽ. ഇന്നലെ അറസ്റ്റിലായ പ്രതി അപ്പുണ്ണിയിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഘം കുടുങ്ങിയത്. അറസ്റ്റിലായവരില്‍ രണ്ടുപേര്‍ മറ്റ് നിരവധി കേസുകളില്‍ പ്രതികളും ക്വട്ടേഷന്‍ നേതാക്കളുമാണ്

കായംകുളം എരുവകോട്ടയിൽ ഫിറോസ്ഖാൻ, പള്ളിക്കൽ മഞ്ഞാടിത്തറ ബുനാഷ്ഖാൻ, തൊടുപുഴ പടിഞ്ഞാറേവീട്ടിൽ രാജീവൻ, ഭരണിക്കാവ് കോട്ടയ്ക്കാട്ട് കിഴക്കേതിൽ അഖിലേഷ്, ഭരണിക്കാവ് കുഴിക്കാല തെക്കേതിൽ വിവേക് എന്നിവരാണ് അറസ്റ്റിലായത്. മാവേലിക്കര സിഐ പി.ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇവരെ കുടുക്കുകയായിരുന്നു. ഇവരിൽ ഫിറോസ്ഖാനും, ബുനാഷും നിരവധി കേസുകളിൽ പ്രതികളും, കൊട്ടേഷൻ സംഘതലവന്മാരുമാണ്. ഗുണ്ട ആക്ടിൽ ജയിൽശിക്ഷയും അനുഭവിച്ചിട്ടുണ്ട്. അപ്പുണ്ണിയെ രക്ഷപെടുത്താൻ സംഘം വൻ ഗൂഢാലോചനയാണ്  നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. 

അഞ്ചുപേരെയും കോടതിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഈ മാസം ഒന്നാംതീയതി തിരുവനന്തപുരം സെൻട്രൽ ജയിലിൽ നിന്നു കോടതിയിൽ എത്തിക്കുന്നതിനിടെയാണ് അപ്പുണ്ണി പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്.   തിരുവനന്തപുരത്തെ റേഡിയോ ജോക്കി വധത്തെ കൂടാതെ, കുറത്തിയാട് പ്രവീൺ വധകേസിലും പ്രധാന പ്രതിയാണ് അപ്പുണ്ണി.