ഭാര്യയെ കൊലപ്പെടുത്തിയ ശേഷം, കൃത്യം നടത്താൻ ഉപയോഗിച്ച തോർത്തും കഴുത്തിൽ ചുറ്റി ഭർത്താവ് കുമളി പൊലീസ് സ്റ്റേഷനിൽ. ചക്കുപള്ളം മാങ്കവലയിൽ വാടകയ്ക്കു താമസിക്കുന്ന തമിഴ്നാട് കമ്പം പുതുപ്പെട്ടി സ്വദേശി മണികണ്ഠകുമാർ (37), ഭാര്യ മുത്തുലക്ഷ്മിയെ (32) കൊലപ്പെടുത്തിയ ശേഷം കൂസലില്ലാതെ കീഴടങ്ങാനെത്തിയത് പൊലീസിനെ പോലും അമ്പരപ്പിച്ചു. പ്രതിയെ ഉടൻ കസ്റ്റഡിയിൽ എടുത്തു. ഇയാൾ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. 

 

മണികണ്ഠകുമാർ ലഹരിക്ക് അടിമയായിരുന്നു എന്നാണ് നാട്ടുകാർ നൽകുന്ന സാക്ഷ്യം. 3 വർഷം മുൻപാണ് തമിഴ്നാട്ടിൽ നിന്ന് ഈ കുടുംബം മാങ്കവലയിൽ എത്തുന്നത്. കമലക്കണ്ണൻ എന്നയാളുടെ വീടിനോടു ചേർന്നുള്ള ഒറ്റമുറി വീട്ടിലായിരുന്നു മണികണ്ഠകുമാറും കുടുംബവും താമസിച്ചിരുന്നത്. മുത്തുലക്ഷ്മിയുടെ പിതാവ് മകളുടെ പേരിൽ ഒരേക്കർ ഏലത്തോട്ടം വാങ്ങി ഇവർക്കു നൽകിയിരുന്നു.

 

എന്നാൽ ഈ തോട്ടത്തിൽ പണിയുന്നതിനോ, കുടുംബം നന്നായി നോക്കുന്നതിനോ മണികണ്ഠൻ തയാറായിരുന്നില്ല. സ്ഥിരമായി മദ്യപിച്ച് എത്തുന്ന ഇയാളുടെ ശല്യം സഹിക്കാനാവാതെ 2 തവണ മുത്തുലക്ഷ്മി ജീവനൊടുക്കാൻ ശ്രമിച്ചിരുന്നതായി വിവരമുണ്ട്.  ഭാര്യ ആത്മഹത്യയ്ക്കു ശ്രമിച്ച സംഭവങ്ങളെ തുടർന്നു മദ്യപാനം കുറച്ച മണികണ്ഠകുമാർ പിന്നീട് ലഹരി ഗുളികയും കഞ്ചാവും ഉപയോഗിക്കാൻ തുടങ്ങി എന്നാണു നാട്ടുകാരിൽ ചിലർ നൽകുന്ന സൂചന.

 

ഇന്നലെ രാവിലെ മാലിന്യം ശേഖരിക്കാൻ പ‍ഞ്ചായത്തിന്റെ വാഹനം എത്തിയപ്പോൾ, വീട്ടിലെ മാലിന്യങ്ങൾ മുത്തുലക്ഷ്മി വാഹനത്തിൽ കൊണ്ടുപോയി കൊടുക്കുന്നതു കണ്ടവരുണ്ട്. ഇതിനു ശേഷം ഒരു മണിക്കൂറിനുള്ളിലാണ് കൊല നടന്നത്. ഇതിനിടെ ഇവരുടെ വീട്ടിൽ നിന്നു യാതൊരു ബഹളവും ആരും കേട്ടിട്ടില്ല. ഇവരുടെ മക്കൾ രണ്ടുപേരും സമീപത്തെ ബന്ധുവീട്ടിലേക്കു പോയിരുന്നതിനാൽ ഭാര്യയും ഭർത്താവും മാത്രമാണു വീട്ടിൽ ഉണ്ടായിരുന്നത്.

 

ഭാര്യയുടെ പേരിലുള്ള ഏലത്തോട്ടം തന്റെ പേരിലാക്കി തരണമെന്ന ആവശ്യം ഇയാൾ പലതവണ ഉന്നയിച്ചിരുന്നു. എന്നാൽ മുത്തുലക്ഷ്മി ഇതിനു തയാറായിരുന്നില്ല. ഇതാണ് കൊലപാതകത്തിനു കാരണം എന്ന സംശയവും ഉയരുന്നുണ്ട്. എന്നാൽ ഇത്തരത്തിലൊരു ആവശ്യം തങ്ങളോട് ഉന്നയിച്ചിരുന്നില്ല എന്നാണു ബന്ധുക്കൾ പറയുന്നത്. ‌

 

ഇടുക്കി ജില്ലയെ നടുക്കിയാണ് കൊലപാതകങ്ങൾ തുടർക്കഥയാകുന്നത്. ഈ വർഷം ജില്ലയിൽ റിപ്പോർട്ട് ചെയ്തതു 10 കൊലപാതക കേസുകൾ. കുമളിക്കു സമീപം ചക്കുപള്ളത്ത് ഇന്നലെ തമിഴ്നാട് കമ്പം പുതുപ്പെട്ടി സ്വദേശി മണികണ്ഠ കുമാർ ഭാര്യ മുത്തുലക്ഷ്മിയെ കൊലപ്പെടുത്തിയതാണ് ഒടുവിലത്തെ സംഭവം. മറയൂരിൽ കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നതു കഴിഞ്ഞ മാസമാണ്. മറയൂർ മിഷൻ വയൽ സ്വദേശിനി ശുഭയെ (35) ആണ് ഭർത്താവ് വേദമുത്തു (50) വെട്ടിക്കൊലപ്പെടുത്തിയത്. 

 

ഓഗസ്റ്റിൽ 3 കൊലപാതകങ്ങളാണു ജില്ലയിൽ നടന്നത്. ഇതിൽ 2 കേസുകളിലും പ്രതികൾ ജീവനൊടുക്കി. തോപ്രാംകുടിയിൽ ഭാര്യയെ വെട്ടിക്കൊന്നു ഭർത്താവ് ജീവനൊടുക്കിയ സംഭവമാണ് ഇതിലൊന്ന്. സ്കൂൾ സിറ്റി കുന്നുംപുറത്ത് ഷാജി (51) ആണ് ഭാര്യ മിനിയെ  (45) കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്.

 

വീടു കയറി ആക്രമിച്ച, മകളുടെ മുൻ ഭർത്താവിനെ ഭാര്യാപിതാവും മാതാവും ചേർന്ന് ഇരുമ്പ് ചുറ്റിക കൊണ്ടു തലയ്ക്ക് അടിച്ചു കൊലപ്പെടുത്തിയ സംഭവം നടന്നത് ഓഗസ്റ്റ് 12ന് ആയിരുന്നു.  എറണാകുളം ആലങ്ങാട് ചിറയം പള്ളത്തുനാട് സ്വദേശി കൂട്ടുങ്കൽ ഷിബു (49) ആണു മരിച്ചത്. സംഭവത്തിൽ മമ്മട്ടിക്കാനം മാരാർ സിറ്റി കൈപ്പള്ളിൽ ശിവൻ, ഭാര്യ ജഗദമ്മ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. തേക്കടിയിലെ ലോഡ്ജിൽ തമിഴ്നാട് സ്വദേശിനിയായ യുവതിയെ കൊലപ്പെടുത്തിയ ശേഷം അമ്മയും മകനും ആത്മഹത്യ ചെയ്ത സംഭവമാണ് മറ്റൊന്ന്.

 

തിരുവനന്തപുരം പെരുങ്ങഴ ആഴൂർ ദ്വാരകയിൽ പ്രകാശന്റെ ഭാര്യ ശോഭന (60), മകൻ കരിക്കാട്ടുവിള പ്രമോദ് (40), ഭാര്യ തമിഴ്നാട് ചെന്നൈ കാഞ്ചീപുരം സ്വദേശി ജീവ (39) എന്നിവരെയാണ് ഓഗസ്റ്റ് 11നു ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടത്. ജീവയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം ഇരുവരും ആത്മഹത്യ ചെയ്യുകയായിരുന്നു എന്നു പൊലീസ് പറഞ്ഞു.  ജില്ലയിൽ നടന്നിട്ടുള്ള മിക്ക കൊലപാതകങ്ങളിലും പ്രതിപ്പട്ടികയിൽ ഏറെയും ബന്ധുക്കളോ കൊല്ലപ്പെട്ടവരുമായി ഏതെങ്കിലും തരത്തിൽ അടുപ്പമുള്ളവരോ ആണെന്ന് പൊലീസ് പറയുന്നു.